Breaking...

9/recent/ticker-posts

Header Ads Widget

ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ബലിതര്‍പ്പണം ജൂലൈ 24 ന് നടക്കും.



ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ബലിതര്‍പ്പണം ജൂലൈ 24 ന് നടക്കും. കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് ദേവസ്വംബോര്‍ഡിന് കീഴിലുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ദേവസ്വം - സഹകരണം - തുറമുഖം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജൂലൈ 24 പുലര്‍ച്ചെ 2.30 മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ 12.42 വരെയാണ് ബലിതര്‍പ്പണ ചടങ്ങുകള്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം കടപ്പുറം, വര്‍ക്കല, തിരുമുല്ലവാരം, ആലുവ മണപ്പുറം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നൂറിലധികം ക്ഷേത്രങ്ങളിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. ഇവിടെയെല്ലാം കെ.എസ്.ആര്‍.ടി.സി, പോലീസ്, ഫയര്‍ ഫോഴ്‌സ്, റവന്യൂ ഉള്‍പ്പെടെ വിവിധ വകുപ്പുകളുമായി സഹകരിച്ച് എല്ലാ മുന്നൊരുക്കങ്ങളും  പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

തിരുവല്ലം, വര്‍ക്കല, തിരുമുല്ലവാരം, ആലുവ, അരുവിക്കര, ശംഖുമുഖം എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലെ മുന്നൊരുക്കങ്ങള്‍ അവലോകനം ചേര്‍ന്ന്  ചര്‍ച്ച ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍സിന്റെ 20 ഗ്രൂപ്പുകളില്‍ 15 ഗ്രൂപ്പുകളിലും  ബലിതര്‍പ്പണ കേന്ദ്രങ്ങളുണ്ട്. അതില്‍ പ്രധാനമായിട്ടുള്ളത് 40 കേന്ദ്രങ്ങളാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിന് 100 രൂപ ആയിരിക്കും നിരക്ക്. എല്ലാ ചെലവും ഉള്‍പ്പെടെയാണ് 100 രൂപ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ക്ഷേത്രങ്ങള്‍ക്ക് അകത്ത് തിലഹോമത്തിന് 65 രൂപയായിരിക്കും വഴിപാട് തുക. പ്രധാനപ്പെട്ട  ക്ഷേത്രങ്ങളില്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാരെ  സ്‌പെഷ്യല്‍  സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചിട്ടുണ്ട്. ബലിതര്‍പ്പണം നടക്കുന്ന ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താല്കാലിക പന്തല്‍ നിര്‍മ്മിക്കുക, ബാരിക്കേഡുകള്‍ സ്ഥാപിക്കുക, ക്ഷേത്രവും . ശുചിയാക്കുക, തര്‍പ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നും  ചെയ്യുന്നത്. അപകട സാധ്യതയുള്ള കടവുകളിലെല്ലാം ഫയര്‍ ഫോഴ്‌സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുന്ന ക്ഷേത്രത്തിനകത്തും മണ്ഡപങ്ങളിലും കടവിലും ആവശ്യാനുസരണം പുരോഹിതരെയും സഹപുരോഹിതരേയും ബോര്‍ഡാണ് നിയമിക്കുന്നത്. ബലിക്ക് ആവശ്യമായ സാധനങ്ങള്‍ അതാത് ദേവസ്വങ്ങളില്‍ ലഭ്യമാക്കുന്നതിനും വിതരണം നടത്തുന്നതിനും ക്ലീനിംഗിനും മറ്റുമായി ജീവനക്കാരെ നിയോഗിക്കുവാനും ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്തജനങ്ങള്‍ ഒരു കാരണവശാലും സാമ്പത്തിക ചൂഷണത്തിന് വിധേയരാകരുതെന്നും  അവര്‍ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ PS പ്രശാന്ത്, ദേവസ്വം അഡീഷനല്‍ സെക്രട്ടറി TR ജയപാല്‍ എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments