പിതൃക്കളുടെ ആത്മ ശാന്തിക്കായി ആയിരങ്ങള്‍ വിവിധ ക്ഷേത്രങ്ങളിലെ ബലിതര്‍പ്പണ കേന്ദ്രങ്ങളിലും പുണ്യ തീര്‍ത്ഥ ചിറകളിലും വാവു ബലിയിട്ടു. കര്‍ക്കിടകത്തിലെ കറുത്ത വാവിന്‍ നാളില്‍ വലിയ ഭക്തജന സഞ്ചയമാണ് ബലിതര്‍പ്പണത്തിനെത്തിയത്. ദക്ഷിണകാശി എന്നറിയപ്പെടുന്ന വേദഗിരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തീര്‍ത്ഥച്ചിറയില്‍ നടന്ന പിതൃതര്‍പ്പണ ചടങ്ങുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
പ്രതികൂല കാലാവസ്ഥയെ അവഗണിച്ചാണ് ഭക്തര്‍ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ എത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വേദഗിരി ദേവസ്വത്തിന്റെ നേതൃത്വത്തിലാണ് ബലി തര്‍പ്പണത്തിനായുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയത്. മേല്‍ശാന്തി മോനിഷ് തടത്തിലിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 12.05 മുതല്‍ വേദഗിരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. 500 പേര്‍ക്ക് വീതം ഇരിക്കാവുന്ന രണ്ട് പന്തലുകളാണ് പിതൃതര്‍പ്പണത്തിനായി സജ്ജീകരിച്ചിരുന്നത്. ഭക്തര്‍ക്കായി അന്നദാനവും ഒരുക്കിയിരുന്നു. കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസും ഉണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസിന്റെയും, എന്‍എസ്എസ് വോളണ്ടിയേഴ്‌സ്‌ന്റെയും സേവനവും ക്രമീകരിച്ചിരുന്നു. വേദഗിരി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തോട് ചേര്‍ന്ന് തന്നെയുള്ള ഗുരുദേവ ക്ഷേത്രം കേന്ദ്രീകരിച്ചും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. ഈ കേന്ദ്രത്തിലും നിരവധിയായ ഭക്തര്‍ എത്തി.





0 Comments