Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് (എം)ന്റെ നേതൃത്വത്തില്‍ പാലായില്‍ പ്രതിഷേധ പ്രകടനം നടത്തി.



കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച കന്യാസ്ത്രീകളെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം)ന്റെ നേതൃത്വത്തില്‍ പാലായില്‍ പ്രതിഷേധ പ്രകടനം നടത്തി. ചത്തീസ്ഗഡില്‍ ജോസ് കെ മാണിയേയും എല്‍.ഡി.എഫ് എം.പി.മാരേയും തടഞ്ഞതിലും ശക്തമായ  പ്രതിഷേധമുയര്‍ന്നു. പാലാ കുരിശുപള്ളി ജംഗ്ഷനില്‍ പ്രതിഷേധ യോഗം കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. 

സമൂഹത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കു വേണ്ടി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന  കന്യാസ്ത്രീകളെ ചത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് 
 വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയെയും, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും ഉടന്‍ മോചിപ്പിക്കാന്‍ ഉള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട്  നടത്തണമെന്നും, അകാരണമായി സിസ്റ്റര്‍മാരെ തുറുങ്കിലടച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ എടുക്കണമെന്നും  പ്രഫ ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. ഛത്തിസ്ഗഡിലെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് അവിടെ വിഷയം അറിഞ്ഞമട്ടില്ല. ഭരണകൂടത്തിന്റെ പിന്തുണയില്‍ നടക്കുന്ന വര്‍ഗ്ഗീയ ഗുണ്ടായിസമാണ് അവിടെ നടക്കുന്നത്. ഈ വിഷയത്തില്‍ കന്യാസ്ത്രീകള്‍ക്കും സഭയ്ക്കും ഒപ്പമാണ് കേരള കോണ്‍ഗ്രസ് (എം) ഉം എല്‍.ഡി.എഫും നിലകൊള്ളുന്നത്. കേരളത്തിലെ ബിജെപി ഈ വിഷയത്തില്‍ എടുക്കുന്ന നിലപാട് ദുരൂഹമാണ്. കേരളത്തില്‍ നിന്നും കേന്ദ്രമന്ത്രിസഭയില്‍ ഉള്ള രണ്ട് മന്ത്രിമാര്‍ ഈ വിഷയത്തില്‍ എടുത്തിരിക്കുന്ന മൗനവ്രതം സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. ബിജെപി ഒരു മതേതര പാര്‍ട്ടി അല്ല എന്ന് ഇനിയെങ്കിലും അവര്‍ മനസ്സിലാക്കണം.  ബിജെപി കേന്ദ്രത്തിലും തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും അധികാരത്തില്‍ എത്തിയതിനു ശേഷം വ്യാപകമായി ക്രിസ്ത്യന്‍ പള്ളികളും, ക്രിസ്തീയ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയാണ്. സമ്മേളനത്തില്‍ ടോബിന്‍ കെ അലക്‌സ് അധ്യക്ഷനായിരുന്നു. കത്തിച്ച മെഴുകുതിരികളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനംനടത്തിയത്.

Post a Comment

0 Comments