ദീര്‍ഘദൂര യാത്രക്കാരെ വഴിതെറ്റിച്ചു കെണിയില്‍ വീഴ്ത്തുന്ന ഗൂഗിള്‍ മാപ്പിലെ കുറുപ്പന്തറ കടവ് ഇനി പഴങ്കഥയാവും. കുറുപ്പന്തറ കടവിനോട് ചേര്‍ന്ന ഭാഗത്ത് ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് സ്ഥിരമായ ബാരിക്കേഡും റിഫ്‌ലക്ടറുകളും ഉറപ്പിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍ കൊണ്ടുക്കാലയില്‍ പറഞ്ഞു. അപകട മേഖലയായ കടവ് ഭാഗത്തെ വലിയ വളവുകള്‍ ഒഴിവാക്കി കടവ് ഭാഗത്ത് പാലം തീര്‍ക്കണമെന്നും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പറഞ്ഞു. എംഎല്‍എ മോന്‍സ് ജോസഫ് പ്രശ്‌നത്തിന്റെ ഗൗരവം പൊതുമരാമത്ത് വകുപ്പിനെയും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെയും ഇതിനകം ബോധ്യപ്പെടുത്തി. സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ ദീര്‍ഘദൂര യാത്രക്കാര്‍ സഞ്ചരിച്ച മൂന്നു വാഹനങ്ങള്‍ ആണ് ഇവിടെ വഴിതെറ്റി തോട്ടിലെ വെള്ളക്കെട്ടില്‍ വീണത്. ഭാഗ്യം കൊണ്ടാണ് ഈ വാഹന യാത്രികര്‍ക്ക് ജീവഹാനി സംഭവിക്കാതെ രക്ഷപ്പെട്ടത്. വാഹന യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്തും സര്‍ക്കാരും ശക്തമായ നടപടികള്‍ ഉടന്‍ നടത്തണമെന്ന് മാഞ്ഞുര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സി.എം. ജോര്‍ജ് പറഞ്ഞു. സുരക്ഷ ക്രമീകരണങ്ങള്‍ സമയബന്ധിതമായി നടത്തുവാന്‍ എംഎല്‍എ മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. അപകടത്തില്‍പ്പെട്ട എല്ലാ വാഹന യാത്രകരും ഗൂഗിള്‍മാപ്പിന്റെ സഹായത്തോടെയാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നത്. നിലവില്‍ നിരവധിയായ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം മറികടന്നാണ് വാഹനങ്ങള്‍ കടവില്‍ വീണ് അപകടത്തില്‍ പെട്ടത്
0 Comments