കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ കുറവിലങ്ങാട് സ്ഥാപിച്ച സയന്‍സ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ജൂലൈ 3 വ്യാഴം വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത്, സഹകരണ-തുറമുഖ-ദേവസ്വം വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴായില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ് സയന്‍സ് സിറ്റിയുടെ നിര്‍മാണം. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ അപൂര്‍വയിനം വന, സുഗന്ധവ്യഞ്ജന, ഫല ഔഷധ ഉദ്യാന സസ്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്കായി വിപുലമായ ജൈവ വൈവിധ്യ പാര്‍ക്ക് സയന്‍സ് സിറ്റിയില്‍ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഉദ്യാനത്തിന്റെ നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ എം.പിമാരായ ജോസ് കെ. മാണി എം.പി, ഫ്രാന്‍സിസ് ജോര്‍ജ്, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, സി. കെ. ആശ, നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയം ഡയറക്ടര്‍ ജനറല്‍ എ.ഡി. ചൗധരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത്, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, തുടങ്ങിയവര്‍ പങ്കെടുക്കും.
0 Comments