മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കുറിച്ചിത്താനം പൂവത്തിങ്കല്‍ റോഡില്‍ ടാറിംഗ് പൊളിഞ്ഞ് രൂപപ്പെട്ട കുഴികള്‍ അപകട ഭീഷണിയാകുന്നു. മഴ വെള്ളം കെട്ടിക്കിടക്കുന്ന കുഴികളില്‍ ചാടി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് സ്ഥിരം കാഴ്ചയായി.
കുഴികള്‍ വെട്ടിച്ച് വാഹനങ്ങള്‍ കടന്നു വരുമ്പോള്‍ എതിര്‍ദിശയിലെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുമേറെയാണ്. ഇരു ചക്രവാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. കുഴിയില്‍ വീണുമറിഞ്ഞ് ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് നിത്യ സംഭവമാകുകയാണ്. കുറിച്ചിത്താനം SKVHSS പൂതൃക്കോവില്‍ ക്ഷേത്രം എന്നിവിടങ്ങളിലെത്തുന്നവര്‍ക്ക് ഇതു വഴിയുള്ള യാത്ര വലിയ ദുരിതമായി മാറിയിരിക്കുകയാണ്. കുഴിയില്‍ ചാടാതെയും വാഹനങ്ങള്‍ ഇടിക്കാതെയും ഇതുവഴി പോകാന്‍ കാല്‍ നടയാത്രക്കാരും ഏറെ പണിപ്പെടുകയാണ്. കുഴികളടച്ച് യാത്രാ ദുരിതം പരിഹരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ട് മാസങ്ങളായെങ്കിലും അധികൃതരുടെ കണ്ണു തുറക്കാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്.
0 Comments