കുറവിലങ്ങാട് ദേവമാതാ കോളേജില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പ്രാദേശിക കേന്ദ്രം അനുവദിച്ചു. നാക്ക് ആക്രഡിറ്റേഷനില്‍ 3.67 ഗ്രേഡ് പോയിന്റുമായി കോട്ടയം ജില്ലയിലെ കോളേജുകളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം കൈവരിച്ച കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ ഒരു നേട്ടം കൂടിയായാണ് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രാദേശിക കേന്ദ്രമെന്ന് കോളേജധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിദൂര വിദ്യാഭ്യാസത്തിനു മാത്രമായി കേരളത്തില്‍ ആരംഭിച്ച പ്രഥമ സര്‍വ്വകലാശാലയാണ് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി. ബിരുദ,ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലായി 32 ല്‍ പരം പഠന വിഷയങ്ങള്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വഴി ലഭ്യമാണ്. യു.ജി.സി, അന്തര്‍ ദേശീയ അംഗീകാരം ഉള്ള പ്രോഗ്രാമുകള്‍ പി.എസ്. സി, യുപിഎസ് സി തുടങ്ങിയ റിക്രൂട്ടിംഗ് ഏജന്‍സികളും അംഗീകരിച്ചിട്ടുണ്ട്. ജോലി ചെയ്യുന്നവര്‍ക്കും വിദൂരസ്ഥലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും പാതിവഴിയില്‍ വിദ്യാഭ്യാസം മുടങ്ങിപ്പോയവര്‍ക്കും ഈ തുടര്‍പഠന സാധ്യതകള്‍ ഒരുക്കുന്ന കേന്ദ്രത്തില്‍ വീട്ടമ്മമാര്‍ അടക്കമുള്ളവര്‍ക്ക് ഉന്നത ബിരുദങ്ങള്‍ നേടാന്‍ അവസരമൊരുങ്ങും. ശനിയും ഞായറും അവധി ദിവസങ്ങളിലുമായാണ് ക്ലാസുകള്‍ നടക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങള്‍ ദേവമാത കോളേജില്‍ സജ്ജമാക്കിയിട്ടുണ്ട്.
നിലവില്‍ 28 പ്രോഗ്രാമുകളാണ് കോളേജിന് അനുവദിച്ചിരിക്കുന്നത്.വാര്‍ത്താ സമ്മേളനത്തില്‍ കോളേജ് മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ് റവ: ഡോക്ടര്‍ തോമസ് മേനാച്ചേരി, കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സുനില്‍ സി മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ബിനോയ് മാത്യു കവളംമാക്കല്‍, ബര്‍സാര്‍ ഫാ. ജോസഫ് മണിയന്‍ചിറ, കോ- ഓര്‍ഡിനേറ്റര്‍ റെനീഷ് തോമസ്, പിആര്‍ഓ ഡോക്ടര്‍ ജോബിന്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.
0 Comments