ഏറ്റുമാനൂരില്‍ ലോട്ടറി വില്പനക്കാരിയായ സ്ത്രീയെ പറ്റിച്ച് 120 ലോട്ടറി ടിക്കറ്റുകളുമായി കടന്നുകളഞ്ഞ യുവാവിനെ ഏറ്റുമാനൂര്‍ പോലീസ് പിടികൂടി. ഇടുക്കി കുട്ടിവാലില്‍ വീട്ടില്‍ നവാസിനെയാണ് എറണാകുളം കലൂരില്‍ നിന്നും ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളിലും ലോട്ടറി വില്‍പ്പന നടത്തിവരുന്ന കോതനല്ലൂര്‍ സ്വദേശിനി രാജിയെ പറ്റിച്ചാണ് നവാസ് 120 ടിക്കറ്റുകളുമായി കടന്നു കളഞ്ഞത്.
10 ദിവസങ്ങള്‍ക്കു മുന്‍പ് ഏറ്റുമാനൂര്‍ പാലാ റോഡില്‍ പേരൂര്‍ ജംഗ്ഷന് സമീപത്ത് വെച്ചാണ് തട്ടിപ്പ് നടന്നത്. ലോട്ടറി വാങ്ങി പരിശോധിച്ച ശേഷം പണവുമായി എത്തി ടിക്കറ്റ് എടുത്തു കൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം നവാസിന്റെ കൈവശമുണ്ടായിരുന്ന പഴയ ടിക്കറ്റുകള്‍ രാജിക്ക് നല്‍കുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ ഇവിടെ നിന്നും കടന്നു കളഞ്ഞു. ഇയാള്‍ തട്ടിയെടുത്ത ലോട്ടറി ടിക്കറ്റുകളില്‍ 12 ലോട്ടറി ടിക്കറ്റുകള്‍ക്ക് 500 രൂപ വച്ചു 12,000 രൂപ സമ്മാനം കിട്ടിയിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ ലോട്ടറി വില്പനക്കാരിയായ രാജി ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രദേശത്തെ സിസിടിവിയില്‍ നിന്നും മോഷ്ടാവിന്റെ ചിത്രം ലഭിക്കുകയും, രാജി ഇയാളെ തിരിച്ചറിയുകയും ചെയ്തു. എറണാകുളം കലൂരില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. 2024 ല്‍ തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ്, തൊടുപുഴ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സമാന കേസുകളിലും നവാസ് പ്രതിയാണ്. ലോട്ടറി കച്ചവടം നടത്തുന്ന നിരാലംബരായ വയോജനങ്ങളെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുക്കുന്ന രീതിയാണ് നവാസിനുള്ളതെന്ന് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ SI അഖില്‍ ദേവ് പറഞ്ഞു.ഇത്തരത്തില്‍ ലഭിക്കുന്ന ലോട്ടറി ടിക്കട്ടുകള്‍ ഇയാള്‍ വില്പന നടത്തുകയാണ് ചെയ്യുന്നത്. SI അഖില്‍ദേവ്, ASI വിനോദ് വി കെ, SCPO സുനില്‍ കുര്യന്‍,CPO മാരായ അനീഷ് വി കെ, സനൂപ്, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.





0 Comments