അത്തം പിറന്നതോടെ നഗരങ്ങളില്‍ പായസമേളയ്ക്ക് തുടക്കമായി.
അടപ്രഥമന്‍, പാലട, പരിപ്പ് തുടങ്ങി വിവിധയിനം പായസങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. അത്തം പിറന്നതോടെ പ്രധാന കേന്ദ്രങ്ങളില്‍ ഓണം സ്‌പെഷ്യല്‍ വിപണികള്‍ സജീവമായി. മീനിച്ചില്‍ ഹെറിറ്റേജ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണോത്സവും പായസമേളയും പാലാ കുരിശുപള്ളി കവലയില്‍ ആരംഭിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെപ്റ്റംബര്‍ 7 വരെയാണ് പായസ മേള. ആദ്യ വില്‍പന ആരോഗ്യസ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ലിസിക്കുട്ടി മാത്യു മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആനി ബിജോയ്ക്ക് നല്‍കി നിര്‍വഹിച്ചു.

 പ്രസിഡന്റ് അഡ്വ. സന്തോഷ് കെ മണര്‍കാട് അദ്ധ്യക്ഷത വഹിച്ചു. സജേഷ് ശശി, എം പി കൃഷ്ണന്‍ നായര്‍, ജോസുകുട്ടി പൂവേലി, പി. ജെ ഡിക്സണ്‍, വി.എം അബ്ദുള്ളഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ 8:00 മുതല്‍ രാത്രി 8:00 വരെയാണ് മേള. കുടുംബസമേതം മേള സന്ദര്‍ശിച്ച് പായസം കഴിക്കുന്നതിനായി പായസചെയറും, ഓണ പലഹാരങ്ങള്‍, ബ്രാഹ്‌മിന്‍സ് സ്വീറ്റ്‌സ്, അച്ചാറുകള്‍, ഇഞ്ചിക്കറി തുടങ്ങിയവും ഒരുക്കിയിട്ടുണ്ട്  സ്റ്റാളില്‍ കേരളത്തിലെ പ്രമുഖരായ പായനിര്‍മ്മാതാക്കള്‍ തയ്യാറാക്കുന്ന പായസങ്ങള്‍ മേളയിലുണ്ട്. സാധാരണ പായസങ്ങള്‍ക്കു പുറമെ ഓരോദിവസവും ഓരോ സെപ്ഷ്യല്‍ പായസവും ഉണ്ടായിരിക്കും. കൂടാതെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ നിരവധി മത്സരങ്ങളും സംഘടിപ്പിച്ചുണ്ട്.