Breaking...

9/recent/ticker-posts

Header Ads Widget

LDF നടത്തിയ ആരോപണങ്ങള്‍ അപഹാസ്യമാണെന്ന് UDF



രാമപുരം ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ, LDF നടത്തിയ ആരോപണങ്ങള്‍ അപഹാസ്യമാണെന്ന് UDF നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ആരോപണങ്ങളാണ് LDF ഉന്നയിക്കുന്നത്. പഞ്ചായത്ത് വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതും ഒഴിവാക്കുന്നതുമായ നടപടികള്‍ കൃത്യമായാണ് നടക്കുന്നത്. നാല് വര്‍ഷത്തിനിടയ്ക്ക് 8 പഞ്ചായത്ത് സെക്രട്ടറിമാര്‍ മാറി മാറി വന്നിട്ടുണ്ട്. നിലവില്‍ പഞ്ചായത്തില്‍ സെക്രട്ടറിയില്ലാത്ത സാഹചര്യമാണുളളത്. ചാര്‍ജ്ജുളള അസി. സെക്രട്ടറിയ്ക്ക് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ അനുവദിച്ചു കിട്ടിയിട്ടുമില്ല. LDF മെമ്പര്‍മാര്‍ ഭരണകാലാവധിയുടെ അവസാന മൂഹൂര്‍ത്തത്തില്‍ ഇല്ലാക്കഥകളും ആരോപണങ്ങളുമായി വരുന്നതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളത്. 


സ്പില്‍-ഓവര്‍ വര്‍ദ്ധിച്ചതും പദ്ധതി ചിലവ് തുക കുറഞ്ഞതും UDF ല്‍ നിന്നും കൂറുമാറി LDF ന്റെ പ്രസിഡന്റായി ഷൈനി സന്തോഷ് ഭരിച്ച കാലഘട്ടത്തിലാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മണ്ഡലം പ്രസിഡന്റുമായ സണ്ണി അഗസ്റ്റിന്‍ പൊരുന്നക്കോട്ടുമാണ്. UDF ഭരണസമയത്ത് 2023-2024 ല്‍ പദ്ധതിചിലവ് 85% വും 2024-2025 ല്‍ 92.07% വുമാണ്.  പദ്ധതി ചിലവിടുന്നത് വളരെ കുറവാണെന്നുള്ള ആരോപണം തെറ്റാണ്. സര്‍ക്കാരിന്റെ തലതിരിഞ്ഞ IT നയങ്ങളും. കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ സിസ്റ്റത്തിലേയ്ക്ക് മാറിയതും  പൊതുജനങ്ങള്‍ക്ക് സേവനം ലഭിയ്ക്കാന്‍ കാലതാമസമുണ്ടാക്കി. 2019 ല്‍ ബൈജു ജോണ്‍ പ്രസിഡന്റായിരുന്ന കാലത്താണ് കടുത്ത ജലക്ഷാമമുളള നെല്ലാപ്പാറയില്‍ ടോയ്ലറ്റ് സമുച്ഛയം നിര്‍മിക്കാനുള്ള തീരുമാനമെടുത്തത്. വാഗ്ദാനം ചെയ്ത പണം ശുചിത്വ മിഷന്‍ നല്‍കിയിട്ടില്ലെങ്കിലും ലക്ഷങ്ങള്‍ മുടക്കി പഞ്ചായത്ത് പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റിഹാളില്‍ പ്ലാസ്റ്റിക് മാലിന്യം നിറച്ചത് LDF പ്രസിഡന്റ് ഭരിച്ച സമയത്താണ്. എങ്കിലും 45 ലക്ഷം രൂപ മുടക്കി MCF ന്റെ പണി പൂര്‍ത്തീകരിച്ച് കമ്മ്യൂണിറ്റി ഹാളില്‍ നിന്നും പ്ലാസ്റ്റിക് മാറ്റി കൊണ്ടിരിക്കുകയാണ്. ജലസേചന വകുപ്പുമന്ത്രിയുടെ സ്വന്തം പഞ്ചായത്തായിട്ടും മന്ത്രിയുടെ സ്വന്തം പാര്‍ട്ടിനേതാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരിക്കെ പഞ്ചായത്തിലെ ജലജീവന്‍ പ്രവര്‍ത്തനം അവതാളത്തിലാണ്. പാറമട ലൈസന്‍സ്' കൊടുക്കുന്നതില്‍ പഞ്ചായത്തിന് അധികാരമില്ലാത്ത കെ സ്വിഫ്റ്റ് നിയമത്തിന്റെ ഫലമായാണ് രണ്ട് മടകള്‍ക്ക് ലൈസന്‍സ് ലഭിച്ചത്. കെ.സ്വിഫ്റ്റ് നിയമം വരുന്നതിനു മുന്‍പ് അനധികൃതമായി പാറമടയ്ക്ക് ഒത്താശ ചെയ്ത് അഴിമതി നടത്തി പ്രസിഡന്റ് സ്ഥാനം രാജിവച്ച ബൈജു ജോണ്‍ പുതിയ പാറമട അഴിമതി ആരോപണമുന്നയിക്കുന്നത് അപഹാസ്യമാണെന്നും UDF നേതാക്കള്‍ പറഞ്ഞു.  പ്ലൈവുഡ് ഫാക്ടറിക്കെതിരെ ഹൈക്കോടതിയില്‍ വരെ കേസ് നടത്തി ഉറച്ച നിലപാട് UDF ഭരണസമിതി സ്വീകരിക്കുമ്പോള്‍  രഹസ്യമായി ഫാക്ടറിക്കു വേണ്ടി നിലകൊള്ളുന്നതും ഫാക്ടറിക്ക് സഹായനിലപാട് സ്വീകരിക്കുന്നതും കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാക്കളാണ്. വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍,  പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.കെ. ശാന്താറാം, പഞ്ചായത്ത് മെമ്പര്‍മാരായ  ആല്‍ബിന്‍ അലക്സ്, സൗമ്യ സേവ്യര്‍, മനോജ് ജോര്‍ജ്, റോബി തോമസ്, ജോഷി ജോസഫ്, രജിത റ്റി.ആര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി കാര്യപ്പുറം, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജെ.മത്തച്ചന്‍ പുതിയിടത്തുചാലില്‍, കെ.ഡി.പി. നേതാവ് എം.പി. കൃഷ്ണന്‍നായര്‍, ആര്‍.എസ്.പി നേതാവ്  സി.ജി. വിജയകുമാര്‍ എന്നിവര്‍പങ്കെടുത്തു.

Post a Comment

0 Comments