ആമ്പല്‍ പൂക്കളുടെ മനോഹാരിത ആസ്വദിക്കാന്‍ അവസരമൊരുക്കി അയ്മനം പുത്തൂക്കരിയില്‍ ആമ്പല്‍ വസന്തം കനാല്‍ ടൂറിസം ഫെസ്റ്റിന് തുടക്കമായി. മൂന്നു ദിവസം നീളുന്ന ടൂറിസം ഫെസ്റ്റിന്റെ ഉദ്ഘാടനം പുത്തൂക്കരി പാടശേഖരത്തിനു സമീപം നടന്ന ചടങ്ങില്‍ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. അയ്മനം പഞ്ചായത്തില്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് ഒട്ടേറെ വികസന സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടപ്പാക്കേണ്ടത്. അതിനുള്ള തുടക്കമാണ് ആമ്പല്‍ വസന്തം ടൂറിസം ഫെസ്റ്റ്. അയ്മനം പഞ്ചായത്തില്‍ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിക്കുന്നതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിനു മുന്നോടിയായി മന്ത്രി വി.എന്‍. വാസവന്‍ വള്ളത്തില്‍ സഞ്ചരിച്ച് ആമ്പല്‍പാടത്തിന്റെ വര്‍ണ്ണഭംഗി ആസ്വദിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.എം. മേരിക്കുട്ടി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ബി.ജെ. ലിജീഷ്, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.കെ. ആലിച്ചന്‍, കുടമാളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എന്‍. ബാലചന്ദ്രന്‍, അയ്മനം സര്‍വീസ് സഹകരണബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ. ഭാനു എന്നിവര്‍ പ്രസംഗിച്ചു. ഉത്തരവാദിത്വ ടൂറിസം മിഷന്‍, പുത്തൂക്കരി പാടശേഖര സമിതി, അരങ്ങ് സാംസ്‌കാരിക വേദി, ഐക്യവേദി റെസിഡന്റ്‌സ് അസോസിയേഷന്‍, പുത്തൂക്കരി റെസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ അയ്മനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ടൂറിസം ഫെസ്റ്റ് നടത്തുന്നത്. ഞായറാഴ്ച വരെ രാവിലെ ആറുമുതല്‍ 10 വരെ നടക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍, ആമ്പല്‍ ജലയാത്ര, നാടന്‍ ഭക്ഷ്യമേള, റീല്‍സ്-ഫോട്ടോ ഷൂട്ട് മത്സരങ്ങള്‍ എന്നിവ നടക്കും.
0 Comments