അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഇരുപത്തിയൊന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 28 മുതല്‍ ഒക്ടോബര്‍ 5 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 28ന് വൈകിട്ട് 6 30ന് വാരണാസി ശ്രീ പംച്ദശനാം ജൂനാ അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ദീപപ്രോജ്വലനവും അനുഗ്രഹ പ്രഭാഷണവും നടത്തും. മേഴത്തൂര്‍ സുദര്‍ശനന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ദിവസവും രാവിലെ ഗണപതി ഹോമം, വേദപാരായണം, ഗ്രന്ഥപൂജ, നാമദീപ പ്രദക്ഷണം, സമൂഹ പ്രാര്‍ത്ഥന എന്നിവയും നടക്കും.
29ന് വൈകിട്ട് പൂജവെപ്പ് ചടങ്ങ് നടക്കും. ദുര്‍ഗാഷ്ടമി ദിനമായ മുപ്പതിന് വൈകിട്ട് 5.30ന് മഹാ സുദര്‍ശന ഹോമം, ഭദ്രകാളി പ്രാദുര്‍ഭാവം, നാമ സങ്കീര്‍ത്തനം പ്രഭാഷണം എന്നിവ നടക്കും. മഹാനവമി ദിനമായ ഒക്ടോബര്‍ ഒന്നിന് രാവിലെ 11ന് മഹാ മൃത്യുഞ്ജയ ഹോമം, ഔഷധസേവ, നരസിംഹാവതാരം, മഹാലഷ്മി പൂജ എന്നിവ നടക്കും. ഒക്ടോബര്‍ 2 വിജയദശമി ദിനത്തില്‍ രാവിലെ 8.30ന് പൂജ എടുപ്പ്, വിദ്യാരംഭം എന്നിവ നടക്കും. സപ്താഹ യജ്ഞ സമാപന ദിനമായ ഒക്ടോബര്‍ അഞ്ചിന് രാവിലെ 6.30ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വേദ പാരായണം, വിഷ്ണു സഹസ്രനാമം, അവഭ്രൃത സ്‌നാന ഘോഷയാത്ര, കലശാഭിഷേകം എന്നിവയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കെ.എസ് പ്രവീണ്‍കുമാര്‍, സെക്രട്ടറി പി.കെ മാധവന്‍ നായര്‍, വൈസ് പ്രസിഡണ്ട് ബിജു ആര്‍ നായര്‍, ദേവസ്വം സെക്രട്ടറി സുരേന്ദ്രന്‍ നായര്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി.എം ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments