ഏറ്റുമാനൂരിലെ എംഎല്‍എ ഓഫീസില്‍ മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പൂക്കളം ഒരുക്കിയും ഓണപ്പാട്ടുകള്‍ പാടിയും , ഓണസദ്യയുമായി തിരുവോണത്തെ വരവേല്‍ക്കാന്‍ ഏറ്റുമാനൂരിലെ പൗരപ്രമുഖരും ഒത്തുചേര്‍ന്നു. മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജെയിംസ് മുല്ലശ്ശേരി ഓണ സന്ദേശം നല്‍കി.
ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഹേമന്ത് കുമാര്‍, ഫാദര്‍ സുനില്‍ പെരുമാനൂര്‍, കെ.എന്‍ ശ്രീകുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്‍.രഘുനാഥന്‍, സിപിഎം നേതാവ് സി.ജെ ജോസഫ്, സിപിഐ മണ്ഡലം സെക്രട്ടറി കെ.ഐ. കുഞ്ഞച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കോളേജ്, കാര്‍ഡിയോളജി വിഭാഗം മുന്‍ മേധാവി ഡോക്ടര്‍ വി.എല്‍.ജയപ്രകാശ് വയലിന്‍ ഫ്യൂഷന്‍ അവതരിപ്പിച്ചു. കുട്ടികള്‍ ഓണപ്പാട്ടുകള്‍ പാടി. ഓണപ്പൂക്കളവും മാവേലി തമ്പുരാനും ഊഞ്ഞാലും,ഓണപ്പാട്ടുകളും വര്‍ണ്ണ മനോഹരമാക്കിയ പശ്ചാത്തലത്തിലാണ് ഒരുമയുടെ സന്ദേശവുമായി എംഎല്‍എ ഓഫീസില്‍ മന്ത്രിയുടെ ഓണാഘോഷം നടന്നത്. ഉത്രാട ദിനത്തില്‍ നാടിന്റെ ജനപ്രതിനിധി ഒരുക്കിയ ഹൃദ്യമായ ഓണാഘോഷം വേറിട്ട അനുഭവമായി മാറി.





0 Comments