പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മഴ മൂലം തടസ്സപ്പെടുന്നു. മൂന്നു മാസം മുമ്പ് നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നടത്തിയിരുന്നു. കായിക വകുപ്പിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന ബഡ്ജറ്റില്‍ അനുവദിച്ച ഏഴു കോടി രൂപ വിനിയോഗിച്ചുള്ള നിര്‍മാണ പ്രവൃത്തികളാണ് നടത്തുന്നത്.നിലവില്‍ തകര്‍ന്നു കിടക്കുന്ന സിന്തറ്റിക് നീക്കം ചെയ്ത ശേഷം പുതിയത് സ്ഥാപിക്കുകയാണ് പ്രധാന ജോലി.
കനത്ത മഴയത്ത് സിന്തറ്റിക് ട്രാക്ക് സ്ഥാപിച്ചാല്‍ വീണ്ടും തകരാറിലാകുവാനുള്ള സാധ്യത കൂടുതലായതിനെ തുടര്‍ന്നാണ് നഗരസഭയുടെ നിര്‍ദേശ പ്രകാരം നിര്‍മാണം തുടങ്ങുന്നത് നീട്ടി വച്ചതെന്ന് നഗരസഭാധ്യക്ഷന്‍ തോമസ് പീറ്റര്‍ പറഞ്ഞു.ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിയാണ് നിര്‍മാണത്തിന് കരാര്‍ എടുത്തിരിക്കുന്നത്.ജില്ലാ സ്‌കൂള്‍ അത്ലറ്റിക് മീറ്റ് ഉള്‍പ്പടെയുള്ള പ്രധാന മേളകള്‍ ഒക്ടോബറില്‍ നടത്തുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാത്ത സാഹചര്യത്തില്‍ മേളകള്‍ സ്റ്റേഡിയത്തില്‍ നടത്തുവാന്‍ സാധിക്കും. നിലവില്‍ ട്രാക്കിലെ തകര്‍ന്ന സിന്തറ്റിക് നീക്കം ചെയ്യുവാനാണ് പദ്ധതിയിടുന്നത്.എന്നാല്‍ ട്രാക്കിന് പുറത്തുള്ള സിന്തറ്റിക്കും തകര്‍ന്ന നിലയിലാണ് . ജംപിങ്, ത്രോ ഇനങ്ങള്‍ നടക്കുന്ന ഭാഗങ്ങളിലെ സിന്തറ്റിക്ക് ഭാഗങ്ങളും നവീകരിക്കുന്ന കാര്യം പരിഗണനയിലുണ്ട്.





0 Comments