കാടുകയറി ചെളിക്കുളമായ ഗ്രൗണ്ടില്‍ കുറവിലങ്ങാട് സബ് ജില്ലാ ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ മത്സരം നടത്തിയതായി പരാതി. മത്സരം നടക്കുന്ന കാണക്കാരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ചെളിക്കുളമായി കാടുകയറി കിടക്കുന്ന ഗ്രൗണ്ടില്‍, ജീവന്‍ പണയം വച്ചാണ് വിദ്യാര്‍ത്ഥികള്‍ വിജയ കുതിപ്പിനായി ഏറ്റുമുട്ടിയത്.
കായിക താരങ്ങളോടുള്ള അവഹേളനം ആയിരുന്നു ഈ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരം നടത്താന്‍ തീരുമാനിച്ച അധികൃതരുടെ നിലപാട് എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.ഗ്രൗണ്ട് ഒരുക്കാതെയും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയും മത്സരം നടത്താന്‍ തയ്യാറായ അധികാരികള്‍, രണ്ടുദിവസം മുന്‍പ് മാത്രമാണ് സ്ഥല പരിശോധന പോലും നടത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എത്തിയ അധ്യാപകരും ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ പരിതാപകരമായ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി. കുറവിലങ്ങാട് സബ് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗത്തിലുള്ള ഫുട്‌ബോള്‍ മത്സരമാണ് കാണക്കാരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്നത്. മഴ ശക്തി പ്രാപിച്ചതോടെ ഗ്രൗണ്ടില്‍ ഒരു ഭാഗം ചെളിക്കുളമായപ്പോള്‍ മറ്റൊരു ഭാഗം മുള്‍ച്ചെടികള്‍ നിറഞ്ഞ നിലയിലും ആയിരുന്നു. ഇതിനിടയില്‍ മെറ്റല്‍ വിരിച്ച ഭാഗവും ഓടയും അപകട ഭീഷണിയും ഉയര്‍ത്തുകയും ചെയ്തു. മത്സരത്തിനടയില്‍
നിലതെറ്റി കായികതാരങ്ങള്‍ വീഴുന്നത് കാണാമായിരുന്നു.





0 Comments