Breaking...

9/recent/ticker-posts

Header Ads Widget

കേരള ലോട്ടറി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം നടത്തി



കേരള ലോട്ടറി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം നടത്തി.  ലോട്ടറി ടിക്കറ്റുകള്‍ക്ക് ജി.എസ്.ടി. 40% മായി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട്  കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നിലാണ് സമരം നടന്നത്. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ കേരളാ ലോട്ടറി ഏജന്റ്‌സ്  യൂണിയന്‍  (ഐഎന്‍ടിയുസി) സംസ്ഥാന സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. നിലവില്‍ ലോട്ടറിക്ക് ജി.എസ്.ടി. 28 ശതമാനമാണ്. അത് 40 ശതമാനമായി വര്‍ധിപ്പിച്ചത് കേരള ഭാഗ്യക്കുറിയെ, തകര്‍ക്കുകയും തൊഴിലാളികളുടെ വരുമാനത്തെ സാരമായി ബാധിക്കുകയും ചെയ്യുമെന്ന് ഫിലിപ്പ് ജോസഫ് പറഞ്ഞു. 

സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നവരാണ് ലോട്ടറി തൊഴിലാളികള്‍. ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ രണ്ട് ലക്ഷത്തോളം പേര്‍ ഈ മേഖലയില്‍ ഉപജീവനം നടത്തുന്നുണ്ട് . ജി.എസ്.ടി. 28 ശതമാനം എന്ന സ്ലാബ് ഒഴിവാക്കുമെന്ന് പറയുകയും ലോട്ടറി മേഖലയില്‍ 40 ശതമാനമായി ഉയര്‍ത്തുകയും ചെയ്യുന്നത് അനീതിയാണെന്നും  സമരസമിതി നേതാക്കള്‍ പറഞ്ഞു. ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കി വരുന്ന പെന്‍ഷന്‍, ബോണസ്, ചികിത്സാ ധനസഹായം, മരണാനന്തര കുടുംബസഹായം, വിദ്യാഭ്യാസ ധനസഹായം, പ്രസവ ധനസഹായം, ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹനങ്ങള്‍, സൗജന്യ  യൂണിഫോം,സൗജന്യ ഭവന പദ്ധതി  തുടങ്ങിയ ആനുകൂല്യങ്ങളുടെ വിതരണത്തെ പോലും ഈ നികുതി വര്‍ദ്ധന പ്രതികൂലമായി ബാധിക്കും.ലോട്ടറി ട്രേഡേഴ്സ് യൂണിയന്‍ (എഐടിയുസി) ജില്ലാ സെക്രട്ടറി സിജോ പ്ലാന്തോട്ടം അധ്യക്ഷത വഹിച്ചു.  ലോട്ടറി യൂണിയന്‍ (സിഐടിയു)  ജില്ലാ സെക്രട്ടറി ടി.എസ്.എന്‍ ഇളയത്, സ്ട്രീറ്റ് വെണ്ടര്‍ ആന്‍ഡ് ലോട്ടറി സെല്ലേഴ്സ് ഫോറം( എച്.എം.എസ് ) ജില്ലാ പ്രസിഡന്റ് പി.കെ ആനന്ദക്കുട്ടന്‍, കെടി യുസിഎം ജില്ലാ പ്രസിഡന്റ്  സന്തോഷ് കല്ലറ,  എസ്.ആര്‍ സുരേഷ്, ടി.എസ് നിസ്താര്‍, കെ.ജി ഗോപകുമാര്‍, ചന്ദ്രിക ഉണ്ണികൃഷ്ണന്‍, ബി രാമചന്ദ്രന്‍, സക്കീര്‍ ചങ്ങംപള്ളി, പി.സി ഫിലിപ്പ്, ബിജു തറപ്പേല്‍,എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments