പുതിയ GST നിരക്കുകള്‍ ലോട്ടറി മേഖലയക്ക് തിരിച്ചടിയാവുമ്പോള്‍ തിരുവോണം ബമ്പര്‍ ലോട്ടറി വില്‍പന റെക്കോഡിലേക്ക് കുതിക്കുന്നു. സെപ്റ്റംബര്‍ 27 ന് നറുക്കെടുക്കുന്ന ബമ്പര്‍ ലോട്ടറിയുടെ 70 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. കഴിഞ്ഞ വര്‍ഷം 71.43 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. നറുക്കെടുപ്പിന് ഇനി ഒരാഴ്ച ശേഷിക്കെ ഇത്തവണ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന വില്പന ഉറപ്പായിരിക്കുകയാണ്. ഇതിനിടെ പുതിയ ജി.എസ്.ടി നിരക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ലോട്ടറിയുടെ ജി.എസ്.ടി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി വര്‍ധിക്കുന്നത് തിരുവോണം ബംപറിന്റെ വില്‍പനയെ ബാധിക്കുമോയെന്ന ആശങ്കകള്‍ ഉയരുന്നുണ്ട്. പുതിയ ജി.എസ്.ടി നിരക്ക് പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ ലോട്ടറി വകുപ്പിന്റെ ജില്ലാ, സബ്ജില്ലാ ഓഫീസുകളില്‍ നിന്ന് ഏജന്റുമാര്‍ക്ക് ഞായറാഴ്ച കൂടി മാത്രമാണ് തിരുവോണം ബമ്പര്‍ ടിക്കറ്റുകള്‍ നല്‍കിയത്.
ഇതുവരെ പ്രിന്റ് ചെയ്ത 75 ലക്ഷത്തില്‍ 72 ലക്ഷത്തോളം ഏജന്റുമാര്‍ വഴി വിപണിയില്‍ എത്തിച്ചുകഴിഞ്ഞു.. ബാക്കി ടിക്കറ്റുകള്‍ വില്‍ക്കുന്നതിനായാണ് ലോട്ടറി ജില്ലാ, സബ്ജില്ലാ ഓഫീസുകള്‍ അവധി ദിനമായ ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിച്ചത്. പുതിയ ജി.എസ്.ടി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് വിപണിയില്‍ എത്തുന്ന ടിക്കറ്റുകള്‍ നറുക്കെടുപ്പ് നടക്കുന്ന ഈമാസം 27ന് രണ്ട് മണി വരെ വില്‍ക്കാം. സാധാരണ ടിക്കറ്റുകള്‍ വിറ്റ് തീരുന്ന മുറക്ക് ലോട്ടറി വകുപ്പ് ടിക്കറ്റുകള്‍ പ്രിന്റ് ചെയ്ത് വിപണിയില്‍ എത്തിക്കാറുണ്ട്. GST വര്‍ധന മൂലം ഇത്തവണ അതുണ്ടാകില്ല. അതിനാല്‍ വിപണിയിലുള്ള ടിക്കറ്റുകള്‍ നറുക്കെടുപ്പിന് രണ്ടോ മൂന്നോ ദിവസം മുമ്പ് തന്നെ ടിക്കറ്റുകള്‍ തീരാന്‍ സാധ്യതയുണ്ട്. ടിക്കറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസാന ദിവസങ്ങളില്‍ ടിക്കറ്റ് ലഭ്യമല്ലാത്ത സാഹചര്യവും ഉണ്ടായേക്കുമെന്ന് കരുതപ്പെടുന്നു.
0 Comments