നഗരസഭ കൗണ്‍സിലിന്റെ കാലാവധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ പാലാ നഗരസഭയില്‍ കൗണ്‍സിലറെ അയോഗ്യയാക്കി. പാലാ നഗരസഭ 13-ാം വാര്‍ഡ് കൗണ്‍സിലര്‍ സന്ധ്യ ആര്‍.നെയാണ് കൗണ്‍സിലര്‍ സ്ഥാനത്തു നിന്നും 31-08-2025 മുതല്‍ അയോഗ്യയാക്കിയത്. സിപിഐ അംഗമായ സന്ധ്യ ആര്‍ വ്യക്തിപരമായ ആവശ്യത്തിന് വിദേശത്ത് പോകുന്നതിന് 2024 ഡിസംബര്‍ 4-വരെ 3 മാസത്തേക്ക് അവധിക്കായി കൊടുത്ത അപേക്ഷ കൗണ്‍സില്‍ അനുവദിച്ചിരുന്നു. തിരിച്ചു വരുന്നതിന് താമസം നേരിടുന്നതിനാല്‍ 2025 ഫെബ്രുവരി 2വരെ അവധി നീട്ടി നല്‍കണമെന്ന അപേക്ഷയും അനുവദിച്ചിരുന്നു.
12-02-2025 ല്‍ നടന്ന വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലും 14-02-2025 ല്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയിലും 17-02-2025 ല്‍ നടന്ന അടിയന്തിര കൗണ്‍സിലിലും ആര്‍.സന്ധ്യ പങ്കെടുക്കുകയും ചെയ്തു. അതിന് ശേഷവും തുടര്‍ച്ചയായി മൂന്ന് മാസക്കാലം നടന്ന കൗണ്‍സില്‍ യോഗത്തിലും മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി യോഗങ്ങളിലും ഹാജരാകാത്തതിനെ തുടര്‍ന്ന് മുനിസിപ്പാലിറ്റി ആക്ട് 1994 വകുപ്പ് 91 (കെ) പ്രകാരം കൗണ്‍സിലര്‍ സ്ഥാനത്തു തുടരാന്‍ കഴിയില്ലെന്ന വിവരം 2025 മേയ് 19 ന് നഗരസഭ അറിയിച്ചിരുന്നു. ഭര്‍ത്താവിന്റെ ആകസ്മികമായ വിയോഗവും പ്രത്യേക സാഹചര്യവും പരിഗണിച്ച് തന്നെ കൗണ്‍സിലര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് 2025 മേയ് 30 ന് കൂടിയ കൗണ്‍സില്‍ തീരുമാന പ്രകാരം കേരള മുനിസിപ്പാലിറ്റി ആക്ട് 1994 സെക്ഷന്‍ 93 ( 2 )പ്രകാരം വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനം പുനസ്ഥാപിച്ചു. എന്നാല്‍ -2025 മേയ് 30 ന് ശേഷവും തുടര്‍ച്ചയായി മൂന്ന് മാസക്കാലം കൗണ്‍സില്‍ യോഗങ്ങളിലും മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി യോഗങ്ങളിലും ഹാജരാകാത്തതിനാല്‍ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം സന്ധ്യയെ അയോഗ്യയാക്കുകയായിരുന്നു.





0 Comments