ആരോഗ്യ വകുപ്പിനു കീഴില്‍ ജില്ലയിലെ ആദ്യ റേഡിയേഷന്‍ ഓങ്കോളജി കേന്ദ്രത്തിന്റെ ശിലാസ്ഥാപനം പാലായില്‍ നടന്നു. പാലാ കെ.എം.മാണി സ്മാരക ഗവ:ജനറല്‍ ആശുപത്രിയില്‍ ജോസ് കെ. മാണി എംപി നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. ജോസ് കെ. മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും 2.45 കോടി രൂപ ചെലവിട്ട് 4996 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്ക് നിര്‍മിക്കുന്നത്. ഇവിടേയ്ക്ക് ആവശ്യമായ യന്ത്രങ്ങള്‍ വാങ്ങുന്നതിന് കോട്ടയം ജില്ലാ പഞ്ചായത്ത് 1.05 കോടി രൂപയും പാലാ നഗരസഭ 1.67 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
കെട്ടിട നിര്‍മാണത്തിനുവേണ്ടി ദേശീയ ആരോഗ്യ മിഷന്‍ ഒരു കോടി രൂപ നല്‍കും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ റേഡിയേഷന്‍ സൗകര്യമുള്ള ആദ്യ ആശുപത്രിയായി പാലാ ജനറല്‍ ആശുപത്രി മാറും. ആരോഗ്യവകുപ്പിന് കീഴില്‍ വയനാട്ടിലും എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് നിലവില്‍ റേഡിയേഷന്‍ ചികിത്സയുള്ളത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ നിര്‍ധന രോഗികള്‍ക്ക് കാന്‍സര്‍ ചികിത്സ നല്‍കാന്‍ പാലാ ജനറല്‍ ആശുപത്രിക്ക് കഴിയും. ലീനിയര്‍ ആക്‌സിലറേറ്റര്‍, റേഡിയേഷന്‍ തെറാപ്പി പ്ലാനിംഗ് റൂം, മൗള്‍ഡ് റൂം, ഔട്ട് പേഷ്യന്റ് കാത്തിരിപ്പുകേന്ദ്രം തുടങ്ങിയവയും റേഡിയോ തെറാപ്പി സിമുലേറ്റര്‍, ബ്രാക്കി തെറാപ്പി യൂണിറ്റ്, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ കൂടി ഭാവിയില്‍ ക്രമീകരിക്കാന്‍ കഴിയുന്ന വിധത്തിലാണ് കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിടം പൂര്‍ത്തിയാകുന്നതോടെ കേന്ദ്ര ആണവോര്‍ജ്ജ വകുപ്പ് ആധുനിക റേഡിയേഷന്‍ സംവിധാനം ഒരുക്കുന്നതിനായി അനുവദിച്ച അഞ്ചു കോടി രൂപയുടെ ഗ്രാന്റും ലഭ്യമാകുമെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു. തറക്കല്ലിടല്‍ ചടങ്ങില്‍ പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ തോമസ് പീറ്റര്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, നഗരസഭാ വൈസ് ചെയര്‍പെഴ്‌സണ്‍ ബിജി ജോജോ, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments