ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍, അപകട മേഖലയായ കുറുപ്പന്തറ പുളിന്തറ വളവ് ഭാഗത്ത് 2 വാഹനാപകടങ്ങളുണ്ടായി. ബുധനാഴ്ച രാവിലെ അടുത്തടുത്ത സമയങ്ങളിലാണ് രണ്ടു വാഹനാപകടങ്ങള്‍ ഉണ്ടായത്. രാവിലെ 11 മണിയോടെ കുറുപ്പന്തറ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ഓട്ടോറിക്ഷ വില്ലേജ് ഓഫീസിന് മുന്‍വശത്ത് നിയന്ത്രണം വിട്ടു മറിഞ്ഞു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളും ഡ്രൈവറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വില്ലേജ് ഓഫീസിന് മുന്നില്‍ നിര്‍ത്തിയിരുന്ന കാര്‍ അലക്ഷ്യമായി റോഡിലേക്ക് കയറ്റിയപ്പോള്‍ ഓട്ടോറിക്ഷ എതിര്‍ ദിശയിലേക്ക് വെട്ടിച്ചു മാറ്റുന്നതിനിടയിലാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. ഈ സമയം കുറുപ്പന്തറ ഭാഗത്ത് നിന്നും ഏറ്റുമാനൂരിലേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തു നിര്‍ത്താന്‍ കഴിഞ്ഞതുകൊണ്ടാണ് വന്‍ ദുരന്തം വഴി മാറിയത്. അല്പസമയത്തിനകം ഉണ്ടായ രണ്ടാമത്തെ അപകടത്തില്‍ എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വില്ലേജ് ഓഫീസിന്റെ ബോര്‍ഡ് സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണും തകര്‍ത്ത് ഓടയിലേക്ക് ഇടിച്ച് ഇറങ്ങി. എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചത് മൂലം യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകട മേഖലയായ പുളിന്തറ വളവില്‍ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതിനായി മഞ്ഞ ലൈനുകള്‍വരച്ചിട്ടുണ്ട്.





0 Comments