Breaking...

9/recent/ticker-posts

Header Ads Widget

ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് സമാധി ദിനാചരണം നടന്നു.



ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് സമാധി ദിനാചരണം ഭക്തിപൂര്‍വ്വമായ ചടങ്ങുകളോടെ ലോകമെമ്പാടുമുള്ള ശ്രീനാരായണ സമൂഹം ആചരിച്ചു. ഗുരു സമാധി ദിനാചരണത്തോടനുബന്ധിച്ച് ഞായറാഴ്ച ശിവഗിരിയിലും ചെമ്പഴന്തിയിലും അരുവിപ്പുറത്തും വിപുലമായ ചടങ്ങുകള്‍ നടന്നു . SNDP ശാഖായോഗങ്ങളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ ഗുരുദേവ ക്ഷേത്രങ്ങളില്‍ ആഭിമുഖ്യത്തില്‍ സമാധി ദിനാചരണ ചടങ്ങുകള്‍ നടന്നു. 
സമാധി ദിനാചരണത്തോടനുബന്ധിച്ച്  സമ്മേളനം, പ്രഭാഷണം, ഹോമം, കലശ പ്രദക്ഷിണ യാത്ര, വിശേഷാല്‍ പൂജകള്‍, സമൂഹ പ്രാര്‍ത്ഥന, ഉപവാസം, ശാന്തി യാത്ര, സമൂഹസദ്യ തുടങ്ങിയ ചടങ്ങുകള്‍ നടന്നു. ഗുരുദേവന്‍ സമാധിയായ സമയം വരെ ഉപവാസമനുഷ്ഠിച്ച് ആയിരങ്ങള്‍ നവോത്ഥാന നായകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ ഗുരുദേവന് സ്മരണാഞ്ജലിയര്‍പ്പിച്ചു. ലോകസമാധാനത്തിനും  ലോകനന്മയ്ക്കായും ഗുരുദേവ വചനങ്ങള്‍ എന്നും പ്രകാശം ചൊരിയുമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നടന്ന ദിനാചരണ ചടങ്ങുകളില്‍ പ്രഭാഷകര്‍  ഉത്‌ബോധിപ്പിച്ചു. അജ്ഞതയുടെ അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന മാനവ സമൂഹത്തിന്റെ ഉന്നതിക്കായി സ്വജീവിതം ഉഴിഞ്ഞു വച്ച ആത്മ തപസ്വിയായിരുന്നു ഗുരുദേവന്‍ എന്ന് കാലം തെളിയിച്ചതായി പ്രഭാഷകര്‍ പറഞ്ഞു. പുന്നത്തുറ വെസ്റ്റ് എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ മഹാ സമാധി ദിനാചരണത്തോടനുബന്ധിച്ച് സമാധിയും മഹാസമാധിയും എന്ന വിഷയത്തിലും സമാധി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആശാ പ്രദീപ്, സിനോഷ് പരിയാരം എന്നിവര്‍  പ്രഭാഷണം നടത്തി. സമാധി ദിന സമ്മേളനം നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് പടികര ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് പി രാജീവ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ.എസ് ബിജു പ്രിയ സജീവ്, ശാഖാ ഭാരവാഹികളായ രതീഷ് കെ.ആര്‍, രാജേഷ് വിജയന്‍, നിതിന്‍ പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏറ്റുമാനൂര്‍ 40-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയുടെ ആഭിമുഖ്യത്തില്‍ ഗുരു ക്ഷേത്രത്തില്‍ ഉപവാസ യജ്ഞവും സമൂഹ പ്രാര്‍ത്ഥനയും നടത്തി. ഇതോടനുബന്ധിച്ച് ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ സമൂഹസദ്യയും നടത്തി. ശാഖാ പ്രസിഡന്റ് പി.എന്‍ ശ്രീനിവാസന്‍ മുതിര്‍ന്ന അംഗം എന്‍ നാണു എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപ പ്രകാശനം നടത്തി. ഏറ്റുമാനൂര്‍ മാടപ്പാട് എസ്എന്‍ഡിപി ശാഖയുടെ ആഭിമുഖ്യത്തില്‍ ഗുരു ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ശാഖാ യോഗം പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും അന്നദാന ചടങ്ങും നടത്തി. ശാഖാ ഭാരവാഹികളായ കെ കെ സോമന്‍, ഷിബു ഭാസ്‌കര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments