കോട്ടയം ജില്ലാ പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും ചേര്‍ന്ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടത്തുന്ന സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ രണ്ടാംദിവസം സാമൂഹ്യ പ്രവര്‍ത്തക ദയാബായി മുഖ്യാതിഥിയായി പങ്കെടുത്തു. ആദര്‍ശങ്ങളില്‍ നിന്നും വ്യതിചലിക്കരുതെന്നും മന:ശുദ്ധി ഉള്ളവരായിരിക്കണമെന്നും ദയാ ബായി പറഞ്ഞു.സ്വന്തം ജീവിതകഥ ദയാബായി വിശദീകരിച്ചു.
കൊച്ചിയില്‍നിന്ന് പാലാ പൂവരണിയിലെ വീട്ടിലേക്കുള്ള യാത്രയിലാണ് പിതാവു പറഞ്ഞ കഥയില്‍നിന്ന് ഗാന്ധിജി എന്ന വലിയ മനുഷ്യനെ അറിഞ്ഞതും ദയാബായി ഓര്‍മ്മിച്ചു. ചെറുപ്പത്തില്‍ കുതിരയെ വാങ്ങണമെന്നു മോഹിച്ച പെണ്‍കുട്ടി പിന്നീട് 35 വര്‍ഷം മധ്യപ്രദേശിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ കുതിരപ്പുറത്ത് സഞ്ചരിച്ച് സാമൂഹികസേവനം നടത്തിയതും ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥികളെ ശുശ്രൂഷിക്കാന്‍ വോളന്റിയര്‍മാരെ ആവശ്യമുണ്ടെന്നുള്ള പരസ്യം കണ്ട് കൊല്‍ക്കത്തയ്ക്ക് വണ്ടി കയറിയതുമൊക്കെ അവര്‍ വിശദീകരിച്ചു. മധ്യപ്രദേശിലെത്തി അഞ്ചു രൂപയ്ക്ക് കൂലിപ്പണിയെടുത്താണ് സാമൂഹിക സേവനത്തിനിറങ്ങിയതും ആദിവാസികള്‍ക്ക് ജോലിക്കു കൂലിയും ഉറപ്പാക്കുന്നതിന് നടത്തിയ നിരന്തര പോരാട്ടങ്ങളും ദയാബായി വിശദീകരിച്ചു. കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളിലെ യാത്രകള്‍, നെഞ്ചു തകര്‍ക്കുന്ന വേദനയാണ് നല്‍കിയത്. സ്വയം എഴുതി തയ്യാറാക്കിയ ഞാന്‍ കാസര്‍കോഡിന്റെ അമ്മ ലഘുനാടകവും അവതരിപ്പിച്ചാണ് ദയാബായി വേദിവിട്ടത്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, സ്ഥിരംസമിതി അധ്യക്ഷരായ പി.എം. മാത്യു, മഞ്ജു സുജിത്ത്, ഹൈമി ബോബി, പി.ആര്‍. അനുപമ, അംഗങ്ങളായ സുധ കുര്യന്‍, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ശുഭേഷ് സുധാകരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.





0 Comments