ശബരിമല സ്വര്‍ണ്ണക്കൊളളയില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേവസ്വം മന്ത്രി വി.എന്‍ വാസവന്റെ ഏറ്റുമാനൂരിലെ എംഎല്‍എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ശബരിമലയിലെ സ്വര്‍ണ്ണ മോഷണ വിവാദത്തില്‍ ദേവസ്വം മന്ത്രി വി.എന്‍ വാസവനും ദേവസ്വം ബോര്‍ഡും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാര്‍ച്ച്.
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര പടിഞ്ഞാറെ ഗോപുര നടയില്‍ നിന്നും പ്രകടനമായാണ് ഐഎന്‍ടിസി പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫീസിലേക്ക് നടത്തിയത്. നീണ്ടൂര്‍ റോഡിലെ എംഎല്‍എ ഓഫീസിന് സമീപം ആശുപത്രിപ്പടിയില്‍ പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തി പ്രകടനം തടഞ്ഞു. മുദ്രാവാക്യം വിളികളുമായി എത്തിയ പ്രതിഷേധക്കാര്‍ റോഡില്‍ പ്രതിഷേധയോഗം ചേര്‍ന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കന്‍ എക്‌സ് എംഎല്‍എ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി കോണ്‍ഗ്രസ് നേതാക്കളായ നീണ്ടൂര്‍ മുരളി, ദിവാകരന്‍ നായര്‍, എംപി മനോജ്, ടി.വി പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ എംഎല്‍എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ പ്രതിരോധിക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ച സാഹചര്യത്തില്‍ പ്രതിഷേധ മാര്‍ച്ചിനെ നേരിടാന്‍ പോലീസ് തയ്യാറെടുത്തിരുന്നു. വലിയ പോലീസ് സന്നാഹമാണ് ടൗണിലും പരിസരപ്രദേശങ്ങളിലും അടക്കം വിന്യസിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധം പേരില്‍ മാത്രം ഒതുങ്ങിയതോടെ പോലീസിന് പണി കുറഞ്ഞു. ജലപീരങ്കിയടക്കമുള്ളവ ഉപയോഗിക്കേണ്ട സാഹചര്യവുംഉണ്ടായില്ല.





0 Comments