കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷണ ജാഥ കാസര്‍കോട്ടുനിന്നും ആരംഭിച്ചു. കേരളത്തിലെ ആതുര സേവന രംഗത്തും, വിദ്യാഭ്യാസ മേഖലയിലും, സാമൂഹിക സേവന രംഗത്തും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കുന്ന ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധികളും കേരളത്തിലെ സാധാരണ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളും പൊതുസമൂഹത്തിന്റെയും ഭരണാധികാരികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് നീതി ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യത്തോടെ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് അവകാശ സംരക്ഷണ ജാഥ നടത്തുന്നത്.
ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം സംരക്ഷിക്കുക, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുക, വന്യമ്യഗങ്ങളുടെ ആക്രമവും തെരുവുനായ ശല്യവും പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക, കര്‍ഷകര്‍ക്ക് ദ്രോഹകരമായ ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കുക, കാര്‍ഷിക ഉത്പന്നങ്ങളുടെ വില തകര്‍ച്ച പരിഹരിക്കാന്‍ നടപടിയെടുക്കുക, എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സംഘടിപ്പിക്കുന്ന യാത്ര ഇരുപത്തിയൊന്നാം തീയതി, ചൊവ്വാഴ്ച പാലാ രൂപതയില്‍ എത്തിച്ചേരും. കാഞ്ഞിരപ്പള്ളി രൂപതയില്‍ നിന്നും പാലാ രൂപതയിലേക്ക് പ്രവേശിക്കുന്ന ചെമ്മലമറ്റത്ത് രൂപതാ ഭാരവാഹികള്‍ ജാഥയെ സ്വീകരിക്കുന്നു. തുടര്‍ന്ന് അരുവിത്തുറ, രാമപുരം ഫൊറോനകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് 4:30 ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയം ജംഗ്ഷനില്‍ എത്തും. നിരവധിയാളുകള്‍ പങ്കെടുക്കുന്ന റാലി കുരിശുപള്ളി കവലയില്‍ എത്തിയതിനു ശേഷം നടക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. അതിരൂപതാ പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷനായിരിക്കും. ഇരുപത്തി നാലാം തിയതി തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ ജാഥ സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, രൂപത ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, രാജേഷ് പാറയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments