Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി മഹോത്സവം ഭക്തിനിര്‍ഭരമായി.



കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി മഹോത്സവം ഭക്തിനിര്‍ഭരമായി. ദര്‍ശനപുണ്യം തേടി ഭക്തസഹസ്രങ്ങളാണ് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെത്തിയത്. പുലര്‍ച്ചെ നാലിനു നിര്‍മാല്യ ദര്‍ശന സമയത്തു തന്നെ ഭക്തജനത്തിരക്ക് ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെ ഷഷ്ഠിപൂജ നടക്കുമ്പോഴും ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇടയ്ക്ക് പെയ്ത മഴയെ അവഗണിച്ച് ഭക്തര്‍ സുബ്രഹ്‌മണ്യ സ്വാമിയുടെ ദര്‍ശനത്തിനായി കാത്തുനിന്നു. ദര്‍ശനത്തിനായി നീണ്ട ക്യൂവാണ് രാവിലെ മുതല്‍ തന്നെ ഉണ്ടായിരുന്നത്. 

 വ്രതം നോറ്റെത്തിയ  ഭക്തര്‍ ദര്‍ശനത്തിനുശേഷം ക്ഷേത്രത്തില്‍ നിന്നുള്ള നിവേദ്യം സ്വീകരിച്ചാണു മടങ്ങിയത്. സുബ്രഹ്‌മണ്യ പ്രീതിക്കായുള്ള ഷഷ്ഠി വ്രതങ്ങളില്‍ ഏറ്റവും പ്രധാനമാണ് സ്‌കന്ദഷഷ്ഠി വ്രത്രം. ഒരു സ്‌കന്ദഷഷ്ഠി വ്രതം ആറു ഷഷ്ഠിവ്രതത്തിനു തുല്യമാണ്. പുതുതായി ഷഷ്ഠിവ്രതം അനുഷ്ഠിക്കാനും വ്രതം അവസാനിപ്പിക്കാനും ഭക്തര്‍ സ്‌കന്ദഷഷ്ഠി ദിനത്തില്‍ വേലായുധ സ്വാമിയുടെ സന്നിധിയിലെത്തി. പുലര്‍ച്ചെ 4 ന് നിര്‍മാല്യ ദര്‍ശനം തുടര്‍ന്ന് ഗണപതിഹോമം, ഉഷപൂജ എന്നിവ നടന്നു. പന്തീരടി പൂജയ്ക്കു ശേഷം ഉച്ചയ്ക്ക് 12 മുതല്‍ നവകാഭിഷേകവും, പാലഭിഷേകവും, പഞ്ചഗവ്യാഭിഷേകവും നടന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഭക്തിനിര്‍ഭരമായ സ്‌കന്ദഷഷ്ഠി പൂജ നടന്നു.  രാവിലെ മുതല്‍ ക്ഷേത്രത്തില്‍ അഖണ്ഡനാമജപം, പുരാണപാരായണം, ഭഗവദ് കഥാകഥനം തുടങ്ങിയ പരിപാടികള്‍ നടന്നു. നെയ്യമൃത് സമര്‍പ്പണം, ഒരു കുടം പാല്‍ സമര്‍പ്പണം, വേല്‍ സമര്‍പ്പണം എന്നീ വഴിപാടുകളാണ് ഭക്തര്‍ സമര്‍പ്പിച്ചത്. പഞ്ചാമൃതവും, കടുംപായസവും, നിവേദ്യവുമടക്കം പ്രസാദ വിതരണത്തിന് പുലര്‍ച്ചെ മുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 1000 കിലോ അരിയുടെ നിവേദ്യവും, 200 കിലോഗ്രാം അരിയുടെ കടുംപായസവും ഭക്തര്‍ക്ക് വിതരണം ചെയ്‌തെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.  മാനേജര്‍ എന്‍.പി. ശ്യാംകുമാര്‍ നമ്പൂതിരി, സെക്രട്ടറി ശ്രീജിത്ത് നമ്പൂതിരി, തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.


Post a Comment

0 Comments