പാലാ റിവര്‍വ്യൂ റോഡിലുടെ അമിത ഉയരത്തില്‍ സാധനങ്ങള്‍ കയറ്റിയ ലോറികള്‍ കടന്നുപോകുമ്പോള്‍ വലിയ പാലത്തിന്റെ അടിഭാഗത്ത് തട്ടി കുടുങ്ങുന്നത് പതിവാകുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വലിയ കണ്ടെയിനര്‍ ലോറി പാലത്തിന്റെ അടിയില്‍ കുടുങ്ങിയത് ഏറെ നേരം ഗതാഗത ക്കുരുക്കിന് കാരണമായി. ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോകുന്നത് അനുവദനീയമാണെങ്കിലും കൂടുതല്‍ ഉയരത്തില്‍ ലോഡുമായി എത്തുന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്കിനു ഇടയാക്കുന്നത്. അനവധി തവണ വാഹനങ്ങള്‍ പാലത്തിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. പാലത്തിനടിയിലൂടെ കടന്നു പോകാവുന്ന വാഹനങ്ങളുടെ നിശ്ചിത ഉയരം മുന്നറിയിപ്പായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് അവഗണിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്. മുന്നറിയിപ്പിനായി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് പൈപ്പിന്റെ അടിയിലൂടെ ഭാരവണ്ടികള്‍ കടന്നുപോകുകയും വലിയ പാലത്തിന് അടിഭാഗത്ത് എത്തുമ്പോള്‍ കുരുങ്ങുകയുമാണ്. പാലത്തിനു അടിയിലൂടെ കടന്നുപോകാന്‍ സാധിക്കാതെ ഭാരവാഹനങ്ങള്‍ തിരിച്ച് പോകാന്‍ ശ്രമിക്കുമ്പോഴും ഗതാഗതക്കുരുക്കുണ്ടാകുന്നു. വലിയ വാഹനങ്ങള്‍ ഇവിടെ തിരിക്കാന്‍ സൗകര്യക്കുറവുണ്ട്. വാഹനങ്ങള്‍ കുരുങ്ങുന്നത് ആവര്‍ത്തിക്കപ്പെടുമ്പോഴും പരിഹാര നടപടികള്‍ ഉണ്ടാവുന്നില്ല എന്നതാണ് പ്രതിഷേധമുയര്‍ത്തുന്നത്.





0 Comments