Breaking...

9/recent/ticker-posts

Header Ads Widget

വിഷന്‍ 2031 ഏകദിന സെമിനാര്‍ ഒക്ടോബര്‍ 28 ചൊവ്വാഴ്ച നടക്കും.



സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ വിഷന്‍ 2031 ഏകദിന സെമിനാര്‍  ഒക്ടോബര്‍ 28  ചൊവ്വാഴ്ച  ഏറ്റുമാനൂര്‍ ഗ്രാന്റ് അരീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 75 വര്‍ഷം തികയുന്ന 2031 ല്‍ കേരളത്തിന്റെ വികസന മുന്നേറ്റത്തിനുള്ള ആശയ സമാഹരണം ലക്ഷ്യമിട്ടാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സഹകരണ വകുപ്പ്-നേട്ടങ്ങളും ഭാവി വികസന ലക്ഷ്യങ്ങളും എന്ന വിഷയത്തെക്കുറിച്ച് സെമിനാറില്‍ ചര്‍ച്ചകള്‍ നടക്കും. രാവിലെ 9.30 ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിക്കും. കഴിഞ്ഞ പത്തു വര്‍ഷം സഹകരണ വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍  സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വീണ എന്‍. മാധവന്‍ അവതരിപ്പിക്കും.
 

സഹകരണ  മേഖലയില്‍ യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തല്‍, പൊതുജനാരോഗ്യം,  വിനോദസഞ്ചാരം,  ഊര്‍ജ്ജം, വിദ്യാഭ്യാസം , കൃഷി, പ്രവാസി ക്ഷേമം,  ആധുനികവത്കരണം തുടങ്ങിയ മേഖലകളില്‍ സഹകരണ വകുപ്പിന്റെ പ്രവര്‍ത്തനവും പങ്കാളിത്തവും ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ചകള്‍ക്ക് വിദഗ്ധര്‍ നേതൃത്വം നല്‍കും. എം.പിമാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ജോബ് മൈക്കിള്‍, സി.കെ.ആശ, ചാണ്ടി ഉമ്മന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മാണി സി. കാപ്പന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത്ബാബു, ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്ജ് പടികര, സംസ്ഥാന സഹകരണ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എം. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എം രാധാകൃഷ്ണന്‍, പ്രൈമറി അഗ്രികള്‍ച്ചര്‍ കോ-ഓപറേറ്റീവ് സൊസൈറ്റി അസോസിയേഷന്‍  ജില്ലാ സെക്രട്ടറി കെ.ജെ അനില്‍കുമാര്‍, ജോയിന്റ് രജിസ്ട്രാര്‍ പി.പി സലിം, ഡെപ്യൂട്ടി രജിസ്ട്രാര്‍ സി.എന്‍. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments