പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടക്കുന്ന പച്ചക്കറി കൃഷി ശ്രദ്ധയാകര്‍ഷിക്കുന്നു. പാവയ്ക്ക, വെണ്ടയ്ക്ക, തക്കാളി, പയര്‍, പപ്പായ, ചീര, പച്ചമുളക് , ഇഞ്ചി, മഞ്ഞള്‍, ചേന, പടവലം,ബന്തി , മുതലായവയാണ് വിദ്യാര്‍ത്ഥികളുടെ കൃഷിയിടത്തിലുള്ളത്. വലിയ ആഹ്ലാദത്തോടും സന്തോഷത്തോടും കൂടെയാണ് കുട്ടികള്‍ കൃഷിയില്‍ ഏര്‍പ്പെടുന്നത്. രാവിലെയും വൈകുന്നേരവും അവധി ദിവസങ്ങളിലും പഠനസമയം നഷ്ടപ്പെടുത്താതെയാണ് തങ്ങള്‍ പച്ചക്കറികള്‍ക്ക് വെള്ളം ഒഴിക്കുന്നതും അവയെ പരിപാലിക്കുന്നതെന്നും കുട്ടികള്‍ പറയുന്നു. പൂര്‍ണ്ണമായും ജൈവ വളം ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. പിന്തുണയുമായി സ്‌കൂളിലെ അദ്ധ്യാപകരും കൂടെയുണ്ട്. ഈ സ്‌കൂളിലെ ഗണിത ശാസ്ത്ര അദ്ധ്യാപകനും റോവര്‍ ലീഡറുമായ നോബി ഡൊമിനിക്കാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
പച്ചക്കറിക്കൃഷി കൂടാതെ പൂവ് കൃഷിയും മത്സ്യക്കൃഷിയും സ്‌കൂളില്‍ നടന്നുവരുന്നുണ്ട്. മല്‍സൃ പരിപാലനവും തീറ്റ നല്‍കലും എല്ലാം കുട്ടികള്‍ തന്നെ.
കുട്ടികള്‍ നട്ടു നനച്ചു വിളയിച്ച ചെണ്ടുമല്ലിക്കൃഷിയുടെ വിളവെടുപ്പ് ഓണക്കാലത്ത് നടത്തിയിരുന്നു. സ്‌കൂളില്‍ അത്തപ്പൂക്കളം ഒരുക്കുന്നതിന് ഈ പൂക്കളാണ് ഉപയോഗിച്ചത്. പാലാ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ വിശിഷ്ടാതിഥികളെ സ്വീകരിക്കാന്‍ പൂവിന് പകരം കുട്ടികള്‍ ജൈവകൃഷിയിലൂടെ വിളയിച്ച പച്ചക്കറികള്‍ നല്‍കിയതും ശ്രദ്ധേയമായി. നിലം ഒരുക്കല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും അധ്യാപകരില്‍ നിന്നും മാര്‍ഗ്ഗനിര്‍ദേശം സ്വീകരിച്ചാണ് കുട്ടികള്‍ കൃഷിയില്‍ സജീവമാകുന്നത്. കൃഷിയോടുള്ള ആഭിമുഖ്യവും വീട്ടുകളില്‍ അടുക്കളത്തോട്ടം എന്ന ആശയവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ.മാത്യു പറഞ്ഞു.





0 Comments