ഏറ്റുമാനൂരില്‍ നടന്ന അപകടത്തില്‍ ബസ് ഇടിച്ചു ഗുരുതരമായി പരുക്കേറ്റ 60 കാരിയായ വെട്ടിമുകള്‍ സ്വദേശിനി അനവധി ശസ്ത്രക്രിയകള്‍ക്കും ആഴ്ചകള്‍ നീണ്ട തീവ്രപരിചരണത്തിനുമൊടുവില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഒക്ടോബര്‍ 4 നു നടന്ന അപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെയും, മുഖത്തിനും വാരിയെല്ലിനും ഇടതു തോളിനും ഇടതു കൈക്കും നിരവധി പൊട്ടലുകളോടെയും, മറ്റ് അനവധി പരിക്കുകളോടെയുമാണ് രോഗിയെ മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. പരിശോധനയില്‍ നെഞ്ചിനുള്ളില്‍ രക്തം കെട്ടികിടക്കുന്നതായും, വായു നിറഞ്ഞിരിക്കുന്നതായും, നെഞ്ചിലെ സോഫ്റ്റ് ടിഷ്യുവിലും ശ്വാസകോശത്തിലും പരിക്ക് സംഭവിച്ചതായും കണ്ടെത്തി. അപകടത്തിന്റെ ആഘാതത്തില്‍ രക്തസമ്മര്‍ദ്ദം മോശമായ നിലയിലായതിനാല്‍ രോഗിക്ക് അടിയന്തിരമായി വെന്റിലേറ്ററിന്റെ സഹായം നല്‍കുകയായിരുന്നു. അപകടത്തില്‍ ഉണ്ടായ ഗുരുതര പരിക്കുകള്‍ക്ക് ജനറല്‍ & ലാപറോസ്‌കോപ്പിക് സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജിബിന്‍ കെ. തോമസിന്റെ നേതൃത്വത്തില്‍ ആദ്യഘട്ട ശസ്ത്രക്രിയകള്‍ നടന്നു. മുഖത്ത് വലിയ മുറിവുകള്‍ ഉണ്ടായതിനാല്‍ ആവശ്യമായ ഭാഗങ്ങളില്‍ തൊലി പുനഃസ്ഥാപിക്കുന്നതിനായി ഡിബ്രൈഡ്‌മെന്റും സ്‌കിന്‍ ഗ്രാഫ്റ്റിംഗും നടത്തി. പൊട്ടലുകള്‍ സംഭവിച്ച അസ്ഥികളെ ശരിയായ നിലയില്‍ സ്ഥിരപ്പെടുത്തുന്നതിനായി സൈഗോമാറ്റിക് ആര്‍ച്ച് ഓ.ര്‍.ഐ.എഫ് ശസ്ത്രക്രിയയും ഡിസ്റ്റല്‍ റേഡിയസ് ഓ.ര്‍.ഐ.എഫ് ശസ്ത്രക്രിയയും നടത്തി.അപകടത്തെത്തുടര്‍ന്ന് നെഞ്ചിനുള്ളില്‍ രക്തം അടിഞ്ഞുകൂടിയതോടെ രോഗാവസ്ഥ വഷളായി. തുടര്‍ന്ന് നടത്തിയ ആന്‍ജിയോഗ്രാമില്‍ ആറാം ഇന്റര്‍കോസ്റ്റല്‍ ആര്‍ട്ടറിയില്‍ നിന്നും രക്തസ്രാവം കണ്ടെത്തുകയും അടിയന്തരമായി എംബോലൈസേഷന്‍ നടത്തി രക്തസ്രാവം നിയന്ത്രിക്കുകയും ചെയ്തു. തുടര്‍ന്നും നെഞ്ചിനുള്ളില്‍ രക്തം കട്ടപിടിക്കുന്നത് കൂടുകയും ശ്വാസകോശത്തിലെ മുറിവുകള്‍ ഗുരുതരമാവുകയും ചെയ്തതിനാല്‍ അടിയന്തരമായി തോറാക്കോട്ടമി നടത്തി. സര്‍ജറിയിലൂടെ നെഞ്ചിനുള്ളിലെ ക്ലോട്ടുകള്‍ നീക്കംചെയ്ത് രക്തസ്രാവം നിയന്ത്രിക്കുകയും ശ്വാസകോശത്തിലെ പര്‍ഫറേഷനുകള്‍ റിപ്പയര്‍ ചെയ്യുകയും രണ്ട് ഐ.സി.ഡി. ട്യൂബുകള്‍ സ്ഥാപിക്കുകയും ചെയ്തു.
തോളിലും കൈയിലും ഉണ്ടായിരുന്ന പൊട്ടലുകള്‍ പരിഹരിക്കാന്‍ ഒക്ടോബര്‍ 25-ന് മൂന്നാം ഘട്ട ശസ്ത്രക്രിയ നടന്നു. ട്രൈസെപ്‌സ് ഭാഗത്തെ പരിക്കേറ്റ ടിഷ്യുകള്‍ നീക്കം ചെയ്തതിനുശേഷം അടിഞ്ഞിരുന്ന രക്തം നീക്കംചെയ്യുകയും, തുടര്‍ന്ന് ഇടത് കൈയിലെ അസ്ഥി ഹെര്‍ബര്‍ട്ട് സ്‌ക്രൂ ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്തു. ചികിത്സയുടെ വിവിധ ഘട്ടങ്ങളില്‍ രോഗിയുടെ നിലയില്‍ ആശങ്കാജനകമായ മാറ്റങ്ങള്‍ ഉണ്ടായി. വലിയ തോതില്‍ രക്തം നഷ്ടപ്പെടുന്നതും, ശ്വാസകോശം ഭാഗികമായി ചുരുങ്ങുന്നതും, നെഞ്ചിനുള്ളില്‍ വായുവും രക്തവും വീണ്ടും കൂടുന്നതും മൂലം പല ഘട്ടങ്ങളിലും രോഗിക്ക് വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വന്നു.ആഴ്ചകള്‍ നീണ്ട ഐസിയു പരിചരണത്തിലൂടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ശരിയായ നിലയിലാകുകയും നെഞ്ചിനുള്ളില്‍ അടിഞ്ഞുകൂടിയ രക്തവും വായുവും നിയന്ത്രണത്തിലാകുകയും ചെയ്തതിനാല്‍ ഒക്ടോബര്‍ 20-ന് രോഗിയെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി. തുടര്‍ന്ന് കൃത്യമായ മെഡിക്കല്‍ പരിചരണത്തിലൂടെയും ഫിസിയോതെറാപ്പിയിലൂടെയും കര്‍ശനമായ ഡയറ്റ് നിയന്ത്രണത്തിലൂടെയും രോഗിയെ സാധാരണ നിലയിലേക്ക് എത്തിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നു രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ജനറല്‍ & ലാപറോസ്‌കോപ്പിക് സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജിബിന്‍ കെ തോമസിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. അനീഷ് ജോസഫ്, ഓറല്‍ & മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. മാത്യു ജെയിംസ്, ഓര്‍ത്തോപീഡിക്‌സ് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. സിജോ സെബാസ്റ്റ്യന്‍, കാര്‍ഡിയോ തൊറാസിക് & വാസ്‌കുലര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കൃഷ്ണന്‍ സി, ന്യൂറോസര്‍ജറി & സ്‌പൈന്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിജയകുമാര്‍ മാധവദാസ് മേനോന്‍ എന്നിവര്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജോസ് പോള്‍ ലൂക്കാസ്, അനസ്‌തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എബി ജോണ്‍, കണ്‍സള്‍ട്ടന്റുമായ ഡോ. ശിവാനി ബക്ഷി, ഡോ. ജെയിംസ് സിറിയക്, ഡോ. ബേസില്‍ പോള്‍ മനയാലില്‍ എന്നിവരും ചികിത്സാ സംഘത്തിന്റെ ഭാഗമായിരുന്നു.




0 Comments