Breaking...

9/recent/ticker-posts

Header Ads Widget

ഗ്രാമീണവികസനം എന്ത് എങ്ങനെ? സ്ഥാനാര്‍ത്ഥിസംഗമം സംഘടിപ്പിച്ചു



കടപ്പൂര്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്ഥാനാര്‍ത്ഥിസംഗമം സംഘടിപ്പിച്ചു. സംഗമത്തില്‍ ഗ്രാമീണവികസനം എന്ത് എങ്ങനെ എന്ന വിഷയത്തെക്കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത് മുന്‍സംസ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേല്‍ മുഖ്യപ്രഭാഷണം നടത്തി.  വികസന പ്രക്രിയയില്‍ ദുര്‍ബലരും ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതായി ജോജി കൂട്ടുമ്മേല്‍ പറഞ്ഞു. ഗ്രാമസഭകള്‍ ഉല്‍പാദന മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലഭ്യമായ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി ഒരു ജനതയുടെ ജീവിതനിലവാരത്തെ തുടര്‍ച്ചയായി  മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് വികസനം.  എല്ലാവര്‍ക്കും തുല്യമായും നീതിപൂര്‍ണ്ണമായി വിതരണം ചെയ്യപ്പെടുന്നതാണ് സുസ്ഥിരവികസനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാര വികേന്ദ്രീകരണം വിഭാവനം ചെയ്ത കാലഘട്ടത്തില്‍ ഇല്ലാതിരുന്ന പുതിയ പല പ്രശ്‌നങ്ങളും ഉയര്‍ന്നുവരുന്നുണ്ടെന്നും അവയെ ഫലപ്രദമായി അഭിമുഖീകരിക്കാന്‍ ഗ്രാമസഭകള്‍ക്ക് കഴിയണമെന്നും കാലാവസ്ഥാവ്യതിയാനം, മണ്ണിന്റെ ജൈവാംശ നഷ്ടപ്പെടല്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ശാസ്ത്രീയമായ ദിശാബോധത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോറം തികയ്ക്കാന്‍ ചേരുന്ന ഗ്രാമസഭകള്‍ കൊണ്ട് പ്രയോജനമില്ലെന്നും ഗ്രാമസഭയില്‍ തങ്ങള്‍ വയ്ക്കുന്ന നിര്‍ദ്ദേശം പഞ്ചായത്തിന്റെ തീരുമാനത്തിലേക്ക്  വരുമെന്ന വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായതാണ് ഗ്രാമസഭയില്‍ പങ്കാളിത്തം കുറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറി ഹാളില്‍ ചേര്‍ന്ന സ്ഥാനാര്‍ത്ഥി സംഗമത്തില്‍ ലൈബ്രറി സെക്രട്ടറി പി.ഡി ജോര്‍ജ് മോഡറേറ്റര്‍ ആയിരുന്നു. 
കാണക്കാരി പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, ആറ് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ വികസന ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു.  സ്ഥാനാര്‍ത്ഥികളായ ജോണി ചാത്തന്‍ചിറ, ബൈജു സി.എസ്,  അജയന്‍ കാപ്പിലോരം, സാം കുമാര്‍ വി, ബിജു പാതിരിമല, വിനു വാസുദേവന്‍ തുടങ്ങിയവര്‍ തങ്ങളുടെ വികസന കാഴ്ചപ്പാടുകള്‍ ജനങ്ങളുമായി പങ്കുവെച്ചു. ലൈബ്രറി പ്രസിഡന്റ് വി.കെ.  സുരേഷ് കുമാര്‍ സ്വാഗതവും ലൈബ്രറി വൈസ് പ്രസിഡന്റ് ശശി കടപ്പൂര്‍ നന്ദിയും പറഞ്ഞു. ലൈബ്രറി ഭാരവാഹികളായ ബിജു ഡി മോഹന്‍,  ചിന്നു സുരേന്ദ്രന്‍,  ഡി.പ്രസാദ്, അനില്‍കുമാര്‍ എസ്, അശോക് കുമാര്‍ ബി, പി. ജി ബിന്ദു, ആര്യ വിജയന്‍, സ്മിത സനോജ്, ദിവ്യ ആനന്ദ്, ബിന്ദു വിപിനചന്ദ്രന്‍, കെ.ജെ. വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments