മറ്റക്കര മോഡല്‍ പോളിടെക്നിക് കോളേജിലെ ദേശീയതല ടെക്‌നോ-കള്‍ച്ചറല്‍ ഫെസ്റ്റ് ആള്‍ട്ടൂര 2026 (ALTURA 2026)ന് വര്‍ണ്ണാഭമായ തുടക്കം. വ്യാഴാഴ്ച രാവിലെ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കെ.എസ്.ഇ.ബി കോട്ടയം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ജയന്‍ കെ ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ഇത്തരം മേളകള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അകലക്കുന്നം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജാന്‍സി ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത പാലാ നഗരസഭാ ചെയര്‍ പേര്‍ഴ്‌സണ്‍ ദിയ ബിനു , യുവതി യുവാക്കള്‍ ഇത്തരം മേളകള്‍ സംഘടിപ്പിക്കേണ്ടതിന്റെയും പങ്കെടുക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തു പറഞ്ഞു.
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും വിജ്ഞാന്‍ കേരള കോട്ടയം കോഡിനേറ്ററുമായ പ്രൊഫസര്‍ എബിന്‍ എം മാനുവല്‍, കോളേജ് പ്രിന്‍സിപ്പല്‍ ലിന്‍സി സ്‌കറിയ, പി.ടി.എ വൈസ് പ്രസിഡന്റ് റോയ് മാത്യു, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധിയും ഓട്ടോ വ്‌ലോഗറുമായ റോബിന്‍സ് എന്‍. സി, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഗോകുല്‍ ശശി , ജനറല്‍ കണ്‍വീനര്‍ സുനില്‍ കുമാര്‍ സി. കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കോളേജിലെ ഇലക്ട്രിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ സ്വന്തമായി നിര്‍മ്മിച്ച ഇലക്ട്രിക് വാഹനം, ബഹിരാകാശ വിസ്മയങ്ങളുമായി ഐ.എസ്.ആര്‍.ഒ (ISRO) ഒരുക്കിയ 'സ്‌പേസ് ഓണ്‍ വീല്‍സ്' ബസ്, KSEB, KELTRON, റബ്ബര്‍ ബോര്‍ഡിന്റെ പ്രദര്‍ശനം എന്നിവ മേളയിലെ പ്രധാന ആകര്‍ഷണങ്ങളാണ്. കൂടാതെ അനെര്‍ട്ട്, ബി.എസ്.എന്‍.എല്‍, കെല്‍ട്രോണ്‍ തുടങ്ങിയവയുടെ സ്റ്റാളുകളും, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ചിത്രരചനകള്‍ ഉള്‍പ്പെടുത്തിയ 'ആര്‍ട്ട് ഗ്യാലറി'യും മേളയിലുണ്ട്. മേള വെള്ളിയാഴ്ച വൈകിട്ട് സമാപിക്കും.





0 Comments