പ്രസിദ്ധമായ അര്‍ത്തുങ്കല്‍ പെരുന്നാളിന്റെ കൊടിയേറ്റിനുള്ള പതാക പാലാ ളാലം പഴയ പള്ളിയില്‍ നിന്ന് പുറപ്പെട്ടു. അര്‍ത്തുങ്കല്‍ പള്ളിയില്‍ നിന്ന് വൈദികരും കൈകാരന്മാരും കമ്മറ്റി അംഗങ്ങളും അടങ്ങിയ പ്രതിനിധി സംഘം രാവിലെ എട്ടുമണിക്ക് ളാലം പള്ളിയില്‍ എത്തിയാണ് കൊടിയേറ്റ് വാങ്ങിയത്. ഏഴടി നീളമുള്ള പതാക വെഞ്ചരിച്ച് ളാലം പഴയ പള്ളി വികാരിയും പ്രതിനിധികളും ചേര്‍ന്ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ നിന്ന് എത്തിയ പ്രതിനിധി സംഘത്തിന് കൈമാറി. പള്ളിവികാരി ഫാ . ജോസഫ് തടത്തില്‍ പതാക ആശീര്‍വ്വാദം നിര്‍വഹിച്ചു. അര്‍ത്തുങ്കല്‍ പള്ളി പ്രതിനിധികളായ ഫാ സെബാസ്റ്റിയന്‍ ജോണ്‍, ഫാ. ആഷിക്, ഡാക്കന്‍ ജോയല്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 1998ല്‍ പാലാക്കാരിയായ ഐഷ മുത്തോലി എന്ന ഭക്ത സ്ത്രീക്ക് ഉണ്ടായ ദൈവാനുഭവത്തിന്റെ ഉപകാരസ്മരണയായിട്ടാണ് പാലായില്‍ നിന്ന് ഈ പതാക സമര്‍പ്പണം ആരംഭിച്ചത്.
പിന്നീട് സെന്റ് ജോസഫ് ട്രസ്റ്റ് ആണ് പാലായില്‍ നിന്ന് ഈ പ്രദക്ഷിണം നയിച്ചിരുന്നത്. പഴയകാലത്തെപ്പോലെ തന്നെ പാലാ ളാലം പള്ളിയില്‍ നിന്ന് പ്രയാണം ആരംഭിക്കണം എന്ന പാലാ ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിലിന്റെ ആഗ്രഹം മാനിച്ചാണ് ഇത്തവണ പാലാ ളാലം പള്ളിയില്‍നിന്ന് പതാകപ്രദക്ഷിണം ആരംഭിച്ചത്. തിരുകര്‍മ്മങ്ങള്‍ക്ക് പഴയ പള്ളി വികാരി ഫാദര്‍ ജോസഫ് തടത്തില്‍ , ഫാദര്‍ ജോസഫ് ആലഞ്ചേരി, ഫാദര്‍ സ്‌കറിയ പറമ്പില്‍, ഫാ. ആന്റണി നങ്ങപറമ്പില്‍, സെന്റ് ജോസഫ് ട്രസ്റ്റ് അംഗങ്ങള്‍ കൈകാരന്മാരായ ടെന്‍സണ്‍ വലിയകാപ്പില്‍, സാബു തേന്‍മാക്കല്‍ ജോര്‍ജുകുട്ടി ഞാവള്ളില്‍ ബേബിച്ചന്‍ ചാമക്കാല എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments