നാട്ടുകലകളുടെ പ്രൗഢ പാരമ്പര്യം പേറുന്ന കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കലാസമ്പന്നമാണെന്നും കല മനുഷ്യനെ സാംസ്‌കാരിക ശരീരമാക്കാനുള്ള ഉപാധിയാണെന്നും പ്രശസ്ത സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായര്‍ പറഞ്ഞു. കടപ്പൂര് പബ്ലിക് ലൈബ്രറിയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട റിപ്പബ്ലിക് സദസ്സില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച എന്‍.കെ. മോഹനന്‍ സ്മാരക അഖില കേരള പ്രസംഗ മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാളുടെ ഉള്ളിലെ ആശയം മറ്റുള്ളവരിലേക്ക് ഹൃദ്യമായി പകര്‍ന്നു നല്‍കുക എന്നതാണ് കലയുടെ അടിസ്ഥാന ലക്ഷ്യം. കേരളത്തിന്റെ തനത് ചൊല്ലുകളിലും താളങ്ങളിലും നമ്മുടെ നാടിന്റെ സാംസ്‌കാരിക പാരമ്പര്യം ഉള്‍ചേര്‍ന്നിരിക്കുന്നു. കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ ആയിരക്കണക്കിന് വ്യത്യസ്തങ്ങളായ കലകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് ലോകത്തിനു മുന്‍പില്‍ മലയാളിയെ വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സിസ് റിപ്പബ്ലിക് സദസ്സ് ഉദ്ഘാടനം ചെയ്തു. ഭരണഘടനാമൂല്യങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുന്ന ധ്രുവീകരണത്തിന്റെ കാലഘട്ടത്തില്‍ ഗ്രാമീണ വായനശാലകള്‍ മതേതരത്വത്തിന്റെ പൊതുഇടങ്ങളാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ലൈബ്രറി പ്രസിഡന്റ് വി. കെ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി പി.ഡി ജോര്‍ജ്, താലൂക്ക് കൗണ്‍സില്‍ അംഗം സി.എസ് ബൈജു, ചിന്നു സുരേന്ദ്രന്‍, ആര്യ വിജയന്‍, മറിയാമ്മ ആന്‍ഡ്രൂസ്, അനറ്റ് ട്രീസ ജോസഫ്, കെ. ജെ വിനോദ് എന്നിവര്‍ സംസാരിച്ചു. ലൈബ്രറി ഭാരവാഹികളായ ശശി കടപ്പൂര്, സ്മിത സനോജ്, ദിവ്യ ആനന്ദ്, പി.ജി ബിന്ദു, ബിജു ഡി. മോഹന്‍, ഡി. പ്രസാദ്, എസ് അനില്‍കുമാര്‍, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





0 Comments