മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും, പഞ്ചായത്ത് തല മണ്ണ് ഫലപുഷ്ടി ഭൂപടം, റിപ്പോര്‍ട്ട് പ്രകാശനം, കര്‍ഷകരെ ആദരിക്കല്‍ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടന്നു.
ആരോഗ്യമുള്ള നഗരങ്ങള്‍ക്കായി ആരോഗ്യമുള്ള മണ്ണ് എന്നതാണ് ഈ വര്‍ഷത്തെ മുഖ്യപ്രമേയം. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സോയില്‍ സര്‍വ്വേ ദക്ഷിണ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ദു ഭാസ്‌കര്‍ പദ്ധതി വിശദീകരിച്ചു. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ആന്‍ മരിയ ജോര്‍ജ് ജില്ലയിലെ മണ്ണ് ശ്രേണികളുടെ ഇന്‍ഫില്‍ട്രേഷന്‍ റിപ്പോര്‍ട്ട് പ്രകാശനം നിര്‍വഹിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോ ജോസ് മണ്ണ് ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ജി റെജി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റ്റി.ആര്‍ സ്വപ്ന എന്നിവര്‍ സംസാരിച്ചു. സോയില്‍ സര്‍വ്വേ കോട്ടയം അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.വി ശ്രീകല സ്വാഗതവും, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ഡോക്ടര്‍ അനു മേരി ഫിലിപ്പ് കൃതജ്ഞതയും പറഞ്ഞു. കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ സോയില്‍ സയന്‍സ് പ്രൊഫസര്‍ ഡോക്ടര്‍ ശൈലജകുമാരി എം.എസ് ആരോഗ്യമുള്ള മണ്ണിലൂടെ സുസ്ഥിരകൃഷി എന്ന വിഷയത്തിലും, കോട്ടയം സോയില്‍ സര്‍വേ ഓഫീസര്‍ നിത്യ ചന്ദ്ര ,മണ്ണിനെ അറിയാം മൊബൈലിലൂടെ എന്ന വിഷയത്തിലും സെമിനാര്‍ നയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കടുത്തുരുത്തി മണ്ഡലത്തിലെ 7 പഞ്ചായത്തുകള്‍ക്കും, കൃഷിഭവനും മണ്ണ് ശ്രേണികളുടെ മാപ്പും, മണ്ണ് പരിശോധനയുടെ റിപ്പോര്‍ട്ടും നല്‍കി. കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, മികച്ച വനിത കര്‍ഷക, കര്‍ഷകന്‍, കര്‍ഷക തൊഴിലാളി എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.





0 Comments