ബി.സി.എം.ഫുട്‌ബോള്‍ ടൂര്‍ണമെന്റും വടംവലി മത്സരവും കൈപ്പുഴയില്‍ കാല്‍പന്തുകളിയുടെ ആരവങ്ങളുമായി ബി.സി.എം. ടൂര്‍ണമെന്റിന് തുടക്കം കുറിച്ചു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം കോട്ടയം കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി സെക്രട്ടറി ഫാദര്‍ ഡോ. തോമസ് പുതിയ കുന്നേല്‍ നിര്‍വഹിച്ചു. പി. ടി. എ- പ്രസിഡണ്ട് സുരേഷ് നാരായണന്‍ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ ബിനോയ് കെ.എസ്, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ജിയോ മോന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഈ വര്‍ഷത്തെ കൗമാര ഫുട്‌ബോള്‍ മാമാങ്കം ജനുവരിഏഴു മുതല്‍ 11 വരെയാണ് കൈപ്പുഴ സെന്റ്.ജോര്‍ജ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്നത്.
കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തിലാണ് ആണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ ടൂര്‍ണമെന്റും പെണ്‍കുട്ടികള്‍ക്കായി വടം വലി മത്സരവും നടത്തുന്നത്. വടം വലി മത്സരം ജനുവരി 10 ന് രാവിലെ ഒന്‍പത് മുതല്‍ ആരംഭിക്കും. കോട്ടയം അതിരൂപത മാനേജ്‌മെന്റിന് കീഴില്‍ കോട്ടയം, ഇടുക്കി, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ നിന്നായി 13 ഹൈസ്‌കൂളുകളും 8 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും മത്സരത്തില്‍ പങ്കെടുക്കും. കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ശതാബ്ദി സമാപന സമ്മേളനത്തിന് മുന്നോടിയായിട്ടാണ് ഈ വര്‍ഷം ടൂര്‍ണമെന്റ് നടക്കുന്നത്. SHമൗണ്ട് ഹയര്‍ സെക്കന്ററി സ്‌കൂളും സെന്റ് തോമസ് ഹൈസ്‌കൂള്‍ ചിങ്ങവനവും തമ്മിലായിരുന്നു ആദ്യമത്സരം.





0 Comments