തീര്‍ഥാടന കേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയിലെ മൂന്നു നോമ്പ് തിരുനാളിന്റെ പ്രധാന ചടങ്ങായ പരമ്പരാഗത പുറത്തു നമസ്‌കാരം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. രാത്രി 9 മണിക്ക് പള്ളിയിലെ ചരിത്രപ്രസിദ്ധമായ കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ നടന്ന ചടങ്ങിന് കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു. കടുത്തുരുത്തി വലിയപള്ളിയില്‍ ആചരിക്കുന്ന ഈ തിരുക്കര്‍മത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. കൊടുങ്ങല്ലൂരില്‍ എത്തിയ ക്‌നാനായക്കാരുടെ പൂര്‍വികര്‍ മെസപ്പൊട്ടോമിയയിലെ പൗരസ്ത്യ സുറിയാനി സഭയുമായി പുലര്‍ത്തിയ ആത്മീയബന്ധത്തിന്റെ ഭാഗമായാണ് മൂന്നു നോമ്പാചരണവും കാനോനാ നമസ്‌കാരവും രൂപം കൊണ്ടത്. കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ പുരോഹിതരും സഹകാര്‍മികരും ചേര്‍ന്ന് അനുതാപപ്രാര്‍ത്ഥന ആലപിച്ചപ്പോള്‍, ഓരോ ഈരടിയുടെയും അവസാനം ആമേന്‍ പാടിക്കൊണ്ട് വിശ്വാസികള്‍ സാഷ്ടാംഗ പ്രണാമം ചെയ്ത് പ്രാര്‍ത്ഥിച്ചു. ഭക്തിനിറഞ്ഞ ഈ അനുഷ്ഠാനത്തില്‍ പങ്കെടുക്കാന്‍ സ്വദേശത്തും വിദേശത്തുമുള്ള നാനാജാതി മതസ്ഥരായ വിശ്വാസികള്‍ വലിയപള്ളിയില്‍ ഒത്തുചേര്‍ന്നു. രൂപതയിലെ വൈദികരും സന്യസ്തരും ചടങ്ങില്‍ പങ്കാളികളായി.





0 Comments