കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുകുടുംബത്തിന്റെ ദര്‍ശന തിരുനാളാഘോഷങ്ങളുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജനപ്രതിനിധികളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും പള്ളിയധികൃതരുടെയും നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തിരുനാള്‍ ദിവസങ്ങളില്‍ വാഹന പാര്‍ക്കിംഗ് നിയന്ത്രണങ്ങളും പോലീസ്, എക്സൈസ് പരിശോധനകളും ശക്തമാക്കും. ലഹരി ഉപയോഗം തടയുന്നതിനും ഇത്തരക്കാരെ കണ്ടെത്തുന്നതിനുമായി പോലീസ്, എക്സൈസ് ഡിപ്പാര്‍ട്ടുമെന്റുകള്‍ കര്‍ശന പരിശോധന നടത്തും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ടൗണിലെയും പരിസര പ്രദേശങ്ങളിലെയും കിണറുകള്‍ ഉള്‍പെടെയുള്ള കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനോഷന്‍ നടത്തും.
ഹോട്ടലുകളില്‍ ഉള്‍പെടെ പരിശോധനകള്‍ കര്‍ശനമാക്കും. താഴത്തുപള്ളി സഹവികാരി ഫാ.ജോണ്‍ നടുത്തടം, ജില്ലാ പഞ്ചായത്തംഗം ആന്‍ മരിയ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്‍ജ്, ജനപ്രതിനിധികളായ ധന്യ വേണുഗോപാല്‍, നോബി മുണ്ടയ്ക്കന്‍, ജിന്‍സി എലിസബത്ത്, പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, കെഎസ്ഇബി, പിഡബ്യൂഡി, വാട്ടര്‍ അഥോറിറ്റി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, കൈക്കാരന്മാരായ ജോസ് ജെയിംസ് നിലപ്പന, ജോര്‍ജ് ജോസഫ് പാട്ടത്തില്‍കുളങ്ങര, സണ്ണി ജോസഫ് ആദപ്പള്ളില്‍, പ്രസുദേന്തി ജോണ്‍ കെ.ആന്റണി കുറിച്ച്യാപറമ്പില്‍, പള്ളികമ്മിറ്റിയംഗങ്ങള്‍, തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രധാന തിരുനാള്‍ ദിവസങ്ങളായ 16, 17, 18, തീയതികളില്‍ ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ ബ്ലോക്ക് ജംഗ്ഷന്‍ മുതല്‍ ഐറ്റിഐ കവല വരെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ വശങ്ങളിലെ വാഹന പാര്‍ക്കിംഗിന് നിരോധനമേര്‍പെടുത്തും. തിരുനാളിനോടുനുബന്ധിച്ചുള്ള വാഹന പാര്‍ക്കിംഗിന് പുതിയ പള്ളിക്ക് സമീപം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ ഭാഗത്തും പഴയപള്ളിയുടെയും വലിയപള്ളിയുടെ പാരീഷ് ഹാളിന് സമീപവും പുതിയ ബൈപാസിന്റെ പ്രവേശനഭാഗത്തുമെല്ലാം വാഹന പാര്‍ക്കിംഗിന് സൗകര്യമൊരുക്കിയിട്ടുണ്ട്.





0 Comments