ഏറ്റുമാനൂര്‍ നഗരമധ്യത്തിലെ പ്രൈവറ്റ് ബസ് സ്റ്റേഷന് മുന്നിലെ മാലിന്യ കിണറിനു മറകെട്ടി നഗരസഭ. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ നിറഞ്ഞ് ആരോഗ്യഭീഷണിയായ തീപിടുത്തത്തിനു സാധ്യതയുള്ള കിണര്‍ സംബന്ദിച്ച് കഴിഞ്ഞ ദിവസം സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരസഭാ അധികൃതര്‍ പ്രദേശം ശുചീകരിക്കുവാന്‍ നടപടി സ്വീകരിച്ചെങ്കിലും കിണറിലെ മാലിന്യം നീക്കുവാന്‍ ശുചീകരണ തൊഴിലാളികള്‍ക്ക് കഴിഞ്ഞില്ല. ചില തൊഴിലാളി യൂണിയനുകള്‍ തര്‍ക്കം ഉന്നയിച്ചതോടെ ശുചീകരണ തൊഴിലാളികള്‍ പിന്മാറുകയായിരുന്നു. ജനുവരി 7 നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാത്യു വാക്കത്തുമാലി പറഞ്ഞു .
മുന്‍പ് കുടിവെള്ള സ്രോതസ്സായി ഉപയോഗിച്ചിരുന്ന കിണറാണ് ഇപ്പോള്‍ മാലിന്യങ്ങള്‍ നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കുന്നത്. മലിനമായ ഈ കിണറിന് സമീപത്തുള്ള മറ്റൊരു കിണറില്‍ നിന്നാണ് നിലവില്‍ നഗരസഭയിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും കുടിവെള്ളം ശേഖരിക്കുന്നത്. ശുചിമുറി മാലിന്യം അടക്കം ഇതിനു ചുറ്റും കിടക്കുന്നത് മൂലം ഈ കിണറും മലിനമാകാന്‍ സാധ്യതയുണ്ടെന്ന ആശങ്ക ശക്തമാണ്. കിണറിന് ചുറ്റുമുള്ള ഓടകളില്‍ മലിനജലം കെട്ടിക്കിടക്കുന്നത് കൊതുകുജന്യ രോഗങ്ങള്‍ക്ക് കാരണമാകുകയാണ്. ഈ വിഷയങ്ങള്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിയ്ക്കുമെന്നും, മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും നഗരസഭ കൗണ്‍സിലര്‍മാരും സ്ഥിരം സമിതി അധ്യക്ഷന്മാരും പറഞ്ഞു. ഇലക്ഷന്‍ സമയത്താണ് കിണറില്‍ മാലിന്യം നിക്ഷേപിക്കപ്പെട്ടതെന്നു ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി മുന്‍ ചെയര്‍പേഴ്‌സണ്‍ ബീന ഷാജി വ്യക്തമാക്കി.. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിബിന്‍, മുന്‍ നഗരസഭാ നിലവില്‍ കൗണ്‍സിലറുമായ ജോയ് മന്നാമല അടക്കമുള്ള ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. എത്രയും വേഗം മാലിന്യ കിണര്‍ ശുചീകരിയ്ക്കണമെന്നും നിലവിലെ കുടിവെള്ള സ്രോതസ്സുകള്‍ സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.





0 Comments