ദക്ഷിണ മൂകാംബി പനച്ചിക്കാട്ട് സരസ്വതി ക്ഷേത്രത്തില്‍ അക്ഷരദേവതയുടെ അനുഗ്രഹം തേടി പതിനായിരങ്ങളെത്തി. വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ പതിനാറായിരത്തോളം കുരുന്നുകളാണ് സരസ്വതി നടയിലെത്തിയത്. പുലര്‍ച്ചെ നാലിന് വിദ്യാരംഭച്ചടങ്ങുകള്‍ക്ക് തുടക്കമായി ആയിരക്കണക്കിനാളുകളാണ് പുലര്‍ച്ചെ തന്നെ ക്ഷേത്രസന്നിധിയിലെത്തി. സരസ്വതീസാന്നിധ്യം നിറഞ്ഞുനില്ക്കുന്ന പനച്ചിക്കാട്ടമ്മയുടെ തിരുമുമ്പില്‍ ആദ്യാക്ഷരം കുറിക്കാന്‍ എത്തിയ കുരുന്നുകളുടെയും കുടുംബാംഗങ്ങളുടെയും തിരക്കില്‍ ക്ഷേത്രപരിസരം ഭക്തിസാന്ദ്രമായി. നാല്പതോളം ആചാര്യന്മാരാണ് സരസ്വതി മണ്ഡപത്തില്‍ കുരുന്നുകളെ എഴുത്തി നിരുത്തിയത്.
ദേവസ്വം മാനേജര്‍ കെ. എന്‍. നാരായണന് നമ്പൂതിരി, അസിസ്റ്റന്റ് മാനേജര്‍ കെ. വി. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാരംഭച്ചടങ്ങുകള്ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. കേരള നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിജയദശമി ദിനത്തില്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. പതിനഞ്ചുദിവസം നീണ്ടുനിന്ന കലോപാസനകളും ദേശീയ നൃത്തസംഗീതോത്സവവുമാണ് നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പനച്ചിക്കാട് ക്ഷേത്രാങ്കണത്തില്‍ നടന്നത്. കലാകാരന്മാര് സംഗീതം, നൃത്തം, കലാരൂപങ്ങള്‍ എന്നിവ ദേവീസന്നിധിയില്‍ സമര്‍പ്പിച്ചു. നവരാത്രി മഹോത്സവത്തിന്റെ പതിനഞ്ചുദിവസങ്ങളിലായി ലക്ഷക്കണക്കിന് ഭക്തരാണ് പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. വിജയദശമി ദിനത്തിലെ വന്‍ ഭക്ത ജനത്തിരക്ക് പരിഗണിച്ച് പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് പൊലീസ്, അഗ്നിരക്ഷാസേന, റവന്യൂ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കെ.എസ്.ആര്.ടി.സി. തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി യിരുന്നു. ഹരിതകര്‍മസേനയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളും സേവാഭാരതി, സത്യസായി സേവാസംഘടനകള്‍ എന്നിവയുടെ സന്നദ്ധസേവനവും ശ്രദ്ധേയമായി





0 അഭിപ്രായങ്ങള്‍