കിടങ്ങൂര്‍ കട്ടച്ചിറയില്‍ മീനച്ചിലാറിന്റെ തീരത്ത് പ്രകൃതി ഒരുക്കിയ അപൂര്‍വ്വമായ ഹരിത സമ്പത്താണ് ആറ്റുവഞ്ചിക്കാട്.. ഔഷധസസ്യങ്ങളും തനതായ സസ്യജാല ങ്ങളും ജൈവ വൈവിധ്യങ്ങളും നിറഞ്ഞ പ്രദേശം സംരക്ഷിച്ച് നിലനിറുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ ഒരുകാലത്ത് സര്‍ക്കാര്‍ മിച്ചഭൂമിയായി കിടന്നിരുന്ന ഈ പ്രദേശം ഇപ്പോള്‍ വനം വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത വനപ്രദേശമാണ്.തൊണ്ടി, കിഴിഞ്ഞില്‍, ചൂണ്ടപ്പന, വട്ട, ആല്‍, തേരകം, കുടംപുളി, പാണല്‍, കുമ്പിള്‍, ആറ്റുവഞ്ചി, ഈറ്റ, പെരുവ, വറുങ് തുടങ്ങിയ നിരവധി ഇനം വൃക്ഷങ്ങളും സസ്യജാലങ്ങളും ഈ പ്രദേശത്തിന്റെ ജൈവവൈവിധ്യത്തിന്റെ പ്രത്യേകതയാണ്. അപൂര്‍വമായ സസ്യസമ്പത്തും തനതായ വൃക്ഷലതാദികളും നിറഞ്ഞ ഈ പ്രദേശം വന്യജീവികളുടെ സാന്നിധ്യമില്ലാത്ത ഒരു പ്രകൃതിവനമായി നിലകൊള്ളുന്നു. ആറിന്റെ തീരത്തോട് ചേര്‍ന്നുള്ള ഈ ഹരിതപ്രദേശം പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലും മണ്ണൊലിപ്പ് തടയുന്നതിലും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിലും നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ ഈ പ്രദേശം വരുംതലമുറകള്‍ക്കായി കാത്തുസൂക്ഷിക്കേണ്ട പ്രകൃതിയുടെ അമൂല്യ നിധിയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. മനുഷ്യന്റെ അശ്രദ്ധയും ആറിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും സാമൂഹ്യ വിരുദ്ധര്‍ വലിച്ചെറിയുന്ന മറ്റ് മാലിന്യങ്ങളും ഈ പ്രകൃതിസമ്പത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍, കിടങ്ങൂര്‍ എന്‍ജിനീയറിങ് കോളജ് എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍, കിടങ്ങൂരിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ ഒരുമിച്ച് ആറ്റുവഞ്ചിക്കാട്ടില്‍ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. ആറിന്റെ തീരത്തും കാട്ടിനുള്ളിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ട് ആറ്റുവഞ്ചിക്കാടിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങാതെ, ഈ പ്രദേശത്തിന്റെ ജൈവവൈവിധ്യം ശാസ്ത്രീയമായി പഠിച്ച് രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതിനായി കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തും ജൈവവൈവിധ്യ പരിപാലന സമിതിയും വനംവകുപ്പും പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേര്‍ന്ന് പ്രകൃതി സൗഹൃദമായി നടപ്പാതകള്‍, വിവരഫലകങ്ങള്‍, ഔഷധസസ്യ ഉദ്യാനം, പ്രകൃതി പഠനത്തിനും വിദ്യാര്‍ത്ഥികളുടെ പരിസ്ഥിതി പഠനത്തിനുമുള്ള സൗകര്യങ്ങള്‍ എന്നിവ ഒരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. വരുംതലമുറയ്ക്ക് നാം കൈമാറേണ്ട പ്രകൃതിയുടെ പൈതൃകമാണ്.ഈ അമൂല്യമായ ജൈവസമ്പത്തിനെ സംരക്ഷിക്കാനും അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഈ സംരക്ഷിത വന പ്രദേശത്തെ കിടങ്ങൂരിന്റെ അഭിമാനമായ ഒരു പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കിടങ്ങൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീലകണ്ഠന്‍ നമ്പൂതിരി ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രാജേഷ് മോനിപ്പള്ളി അദ്ധ്യക്ഷനായിരുന്നു., വനം വകുപ്പ് ഉദ്യോഗസ്ഥരായ രതീഷ് കെ.വി, നിജിമോന്‍ , ഷിജു കെ. ശ്രീകുമാര്‍, ദിവ്യ, ശ്രീകാന്ത്, അജയകുമാര്‍, അനന്തു തുടങ്ങിയവരും സെന്റ് മേരീസ് NSS സ്‌കൂളുകളിലെയും എന്‍ജിനീയറിംഗ് കോളജിലെയും വിദ്യാര്‍ത്ഥികളും ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും ആറ്റുവഞ്ചിക്കാട് സംരക്ഷണ യജ്ഞത്തില്‍ പങ്കെടുത്തു.





0 അഭിപ്രായങ്ങള്‍