ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ പാലായിലെ ക്യാമ്പ് സിറ്റിംഗ് അവസാനിപ്പിച്ചിട്ട് മാസങ്ങളായിട്ടും പുനസ്ഥാപിക്കാന്‍ നടപടികളായില്ല. വര്‍ഷങ്ങളായി പാലായില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് മുന്നറിയിപ്പില്ലാതെ നിര്‍ത്തുകയായിരുന്നു. ഉപഭോക്തൃകാര്യ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് വിവിധ സംഘടനകള്‍ ഇതു സംബന്ധിച്ച് നിവേദനങ്ങള്‍ നല്‍കിയിരുന്നു. സിറ്റിംഗ് നിര്‍ത്തലാക്കിയത് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കുവാന്‍ ആഗ്രഹിക്കുന്നവരെ ബുദ്ധിമുട്ടിലാക്കുകയാണ്.
എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിലായിരുന്നു പാലായില്‍ സിറ്റിംഗ് നടന്നിരുന്നത്. പാലായിലെ മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും കോടതികള്‍ മൂന്നാനിയിലെ കോടതി സമുച്ചയത്തിലേയ്ക്ക് മാറ്റിയപ്പോള്‍ ബാര്‍ അസോസിയേഷന്‍ ഹാളായി പ്രവര്‍ത്തിച്ചിരുന്ന മുറി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ സിറ്റിംഗ് ക്യാമ്പായി മാറ്റുകയായിരുന്നു. എല്ലാ മാസവും നിരവധി കേസുകള്‍ ഇവിടെ ഫയല്‍ ചെയ്യപ്പെട്ടിരുന്നു. മാസത്തിലൊരിക്കന്‍ നടത്തിയിരുന്ന സിറ്റിംഗ് പാലായിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. നിലവില്‍ കേസ് ഫയല്‍ ചെയ്യണമെങ്കില്‍ കോട്ടയത്ത് വടവാതൂരില്‍ പ്രവര്‍ത്തിക്കുന്ന ഫോറം സിറ്റിംഗില്‍ പോകണം. ക്യാമ്പ് നിര്‍ത്തിയതോടെ അഭിഭാഷകരെ കണ്ടെത്താനും വിഷമിക്കേണ്ട ഗതികേടിലാണ് ഉപഭോക്താക്കള്‍. കാരണമൊന്നും കൃത്യമായി വ്യക്തമാക്കാതെയാണ് സംസ്ഥാന ഫോറത്തിന്റെ നിര്‍ദ്ദേശപ്രകാരം പാലായിലെ സിറ്റിംഗ് അവസാനിപ്പിച്ചത്. പാലായിലെ സിറ്റിംഗ് പുന:രാരംഭിക്കണമെന്നും നീതി തേടുന്ന ഉപഭോക്താക്കള്‍ക്ക് മറ്റു സ്ഥലങ്ങളിലേക്ക് പോകേണ്ട സാഹചര്യം ഒഴിവാക്കണമെന്നും മഹാത്മ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ആവശ്യപ്പെട്ടു.





0 Comments