ചരിത്ര പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ മൂന്ന് നോമ്പ് തിരുനാളിന് ജനുവരി 25ന് കൊടിയേറും. രാവിലെ 6.45ന് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി കൊടിയേറ്റു കര്‍മ്മം നിര്‍വഹിക്കും. മാര്‍ത്തോമ്മാ നസ്രാണികളുടെ ശ്രേഷ്ഠപാരമ്പര്യമായ ബാവുസ നമസ്‌കാരം പുനരാരംഭിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തിരുനാള്‍ ആഘോഷത്തിനുണ്ടെന്ന് ആര്‍ച്ച് പ്രീസ്റ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുനാളിനുള്ള ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി പകലോമറ്റം തറവാട് പള്ളിയില്‍ സഭൈക്യവാരത്തിന് തുടക്കമിട്ടു. മൂന്ന് നോമ്പ് തിരുനാളിന്റെ എല്ലാ ദിവസങ്ങളിലും രാവില 5.30 മുതല്‍ തിരുസ്വരൂപങ്ങള്‍ വണങ്ങി പ്രാര്‍ത്ഥിക്കാന്‍ അവസരം ലഭിക്കും.
മൂന്നു നോമ്പിലെ ഏറ്റവും പ്രാധാന്യമേറിയ ചടങ്ങായ കപ്പല്‍ പ്രദക്ഷിണം 27ന് നടക്കും. യോനാ പ്രവാചകന്റെ നിനവേ യാത്രയുടെ സ്മരണകള്‍ ഉണര്‍ത്തുന്ന കപ്പല്‍പ്രദക്ഷിണം 27ന് ഉച്ചകഴിഞ്ഞ് ഒന്നിന് ആരംഭിക്കും. നാവിക പാരമ്പര്യം പേറുന്ന കടപ്പൂര്‍ നിവാസികളാണ് കപ്പലോട്ടത്തിന് നേതൃത്വം നല്‍കുന്നത് . ബാവുസ പുനരാരംഭിച്ച ഈ വര്‍ഷം പള്ളിയോഗാംഗങ്ങളുടെ അവകാശമായി വ്യാഴാഴ്ച കൊടിയിറക്കിനെ തുടര്‍ന്ന് ബാവുസ നേര്‍ച്ചയും നല്‍കും. പതിറ്റാണ്ടുകള്‍ക്ക് മുമ്പുവരെ തിരുനാള്‍ കൊടിയിറക്കിനെ തുടര്‍ന്ന് വിപുലമായ തിരുനാള്‍ സദ്യനടത്തിയിരുന്നതിന്റെ ഓര്‍മ്മകള്‍ അയവിറക്കിയാണ് ബാവുസ നേര്‍ച്ചവിതരണം ക്രമീകരിച്ചിട്ടുള്ളത്.
വാര്‍ത്ത സമ്മേളനത്തില്‍ ആര്‍ച്ച് പ്രീസ്റ്റ് ഡോക്ടര്‍ തോമസ് മേനാച്ചേരി, സീനിയര്‍ അസിസ്റ്റന്റ് വികാരി ഫാദര്‍ ജോസഫ് മണിയന്‍ചിറ, സഹ വികാരിമാരായ ഫാദര്‍ പോള്‍ കുന്നുംപുറത്ത്, ഫാദര്‍ തോമസ് താന്നി മലയില്‍. കൈക്കാരന്മാരായ സുനില്‍ ജോസഫ്, ജോസ് പടവത്ത്, ബോബിച്ചന്‍ നിധീരി ബെന്നി കോച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു





0 Comments